ബോറിസ് ജോൺസണും മുൻ ഭാര്യ മറീന വീലറും ഡിവോഴ്സിന് ശേഷമുള്ള സാമ്പത്തിക ഒത്തു തീർപ്പിലെത്തി.
ബോറിസ് ജോൺസണും മുൻ ഭാര്യ മറീന വീലറും ഡിവോഴ്സിന് ശേഷമുള്ള സാമ്പത്തിക ഒത്തു തീർപ്പിലെത്തി. ബോറിസ് ജോൺസണും മറീന വീലറും രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞിരുന്നു.1993 ൽ വിവാഹിതരായ ജോൺസണും വീലറിനും നാല് കുട്ടികളാണ് ഉള്ളത്. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2018 ലാണ് ഇവർ വേർപിരിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് ലണ്ടനിലെ സെൻട്രൽ ഫാമിലി കോടതിയിൽ പ്രധാനമന്ത്രിയേയും വീലറിനെയും പ്രതിനിധീകരിച്ച ബാരിസ്റ്റർമാർ സ്വത്തു വിഭജനത്തെ കുറിച്ച് തീരുമാനത്തിലെത്തിയത്.
പത്തു മിനിറ്റ് മാത്രം നീണ്ടുനിന്ന സ്വകാര്യ ഹിയറിംഗിൽ ജോൺസണോ വീലറോ ഹാജരായില്ല. ബ്രസ്സൽസിലെ യൂറോപ്യൻ സ്കൂളിൽ പഠിക്കുമ്പോഴാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ജോൺസന്റെ ആദ്യ ഭാര്യ അല്ലെഗ്ര മോസ്റ്റിൻ-ഓവീനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയത്തിന് ശേഷമാണ് ബോറിസ് ജോൺസൺ വീലറെ വിവാഹം കഴിച്ചത്. 2018 സെപ്റ്റംബറിൽ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ച ശേഷം ഇവർ മക്കളെ പിന്തുണയ്ക്കുന്നതിന് സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു.
ചൊവ്വാഴ്ചത്തെ ഹിയറിംഗിന്റെ കേസ് നമ്പർ സൂചിപ്പിക്കുന്നത് ഇരുവരും സ്വത്തു തർക്കത്തിലായിരുന്നു എന്നാണ്. കേസ് പൊതു കോടതി രേഖകളിൽ വീലർ vs ജോൺസൺ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, വീലറാണ് പരാതിക്കാരി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജോൺസന്റെ വ്യക്തിജീവിതം വളരെക്കാലമായി പൊതു സമൂഹത്തിൽ ഒരു ചർച്ചാ വിഷയമായി മാറിയിരുന്നു. ലണ്ടൻ മേയറായിരിക്കെ മറ്റൊരു ബന്ധത്തിൽ ഒരു മകളുണ്ടെന്നുള്ള വാർത്തയുടെ നിജസ്ഥിതി അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് അപ്പീൽ കോടതി 2013 ൽ വിധി ഉണ്ടാവുകയും ചെയ്തിരുന്നു. മാധ്യമപ്രവർത്തകനായ പെട്രോനെല്ല വയാറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് 2004 ൽ അദ്ദേഹത്തെ ഷാഡോ ആർട്സ് മിനിസ്റ്റർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.