യുക്മ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ. വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ ഒരുവർഷക്കാലം യുക്മയുടെ ചരിത്രത്തിൽ അവിസ്മരണീയം.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. രണ്ടുവർഷം പ്രവർത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അർഹിക്കുന്ന സമ്മേളനമാണ് പ്രവർത്തന വർഷത്തിന് ഇടക്കെത്തുന്ന വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും.
ബർമിംഗ്ഹാമിലെ വാൽസാൽ റോയൽ ഹോട്ടലിൽ രാവിലെ പതിനൊന്ന് മണിമുതൽ വൈകുന്നേരം നാല് മണിവരെ ആയിരിക്കും ദേശീയ പൊതുയോഗം നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതിൽപരം അംഗ അസോസിയേഷനുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
2019 മാർച്ച് 09 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന ദേശീയ പൊതുയോഗത്തിൽ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. മനോജ്‌കുമാർ പിള്ള പ്രസിഡന്റായുള്ള ദേശീയ കമ്മറ്റി സംഭവ ബഹുലമായ ഒരു വർഷം പൂർത്തിയാക്കുമ്പോൾ, അത് യുക്മയുടെ ചരിത്രത്തിൽ വീരോചിതമായി ഇടംപിടിക്കുകതന്നെ ചെയ്യും.
ഈ ഭരണ സമിതിയുടെ ആദ്യ ഒരുവർഷക്കാലത്തിനുള്ളിൽ കേരളാ പൂരം വള്ളംകളി മുതൽ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികൾ സംഘടിപ്പിച്ച് വിജയിപ്പിക്കുവാൻ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും, നൂതനങ്ങളായ പരിപാടികൾ ആവിഷ്‌ക്കരിക്കുവാനും, ഭരണഘടനാപരമായ വിഷയങ്ങൾ ചർച്ചചെയ്യുവാനും യുക്മ ദേശീയ പ്രതിനിധികൾക്ക് ലഭിക്കുന്ന ക്രീയാത്മകമായ ഒരു വേദികൂടി ആണ് പ്രവർത്തനവർഷത്തിന് ഇടക്ക് നടക്കുന്ന ഈ വാർഷിക പൊതുയോഗം.
യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡണ്ട്മാരായ അഡ്വ.എബി സെബാസ്ററ്യൻ, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ, സെലിന സജീവ്, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾ, റീജിയണൽ പ്രസിഡന്റുമാർ മറ്റു ഭാരവാഹികൾ തുടങ്ങിയ യുക്മ മുൻനിര പ്രവർത്തകർ ദേശീയ പൊതുയോഗം വിജയിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.
ദേശീയ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹരായവരുടെ പരിഷ്ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച്കഴിഞ്ഞു. പങ്കെടുക്കുന്നവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒൻപതുമണി മുതൽ പതിനൊന്ന് മണിവരെ ദേശീയ നിർവാഹക സമിതി യോഗവും ചേരുന്നതാണ്.
പൊതുയോഗം നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-
The Royal Hotel Walsall,
Ablewell Street - WS1 2EL