Thursday, 07 November 2024

വെസ്റ്റേൺ സ്റ്റൈൽ ഡയറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തല്‍

പാശ്ചാത്യ ഭക്ഷണ രീതി കുറഞ്ഞ കാലത്തേയ്ക്ക് പിന്തുടർന്നാലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് കണ്ടെത്തലുമായി ഗവേഷകര്‍. ഇത്തരം ഭക്ഷണക്രമം ഒരാഴ്ച തുടരുന്നത് ആരോഗ്യമുള്ളവരും ഇല്ലാത്തവരുമായ ചെറുപ്പക്കാരെ അമിത ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. പാശ്ചാത്യ ഭക്ഷണക്രമം ആളുകള്‍ക്ക് വിശപ്പ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും ഹിപ്പോകാമ്പസ് എന്ന മസ്തിഷ്‌ക മേഖലയില്‍ തടസ്സമുണ്ടാക്കുന്നുവെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

20 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള 110 മെലിഞ്ഞ ആരോഗ്യമുള്ള വിദ്യാര്‍ത്ഥികളെയാണ് ഈ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഒരാഴ്ച ഇവര്‍ക്ക് സാധാരണ ഭക്ഷണം നല്‍കുകയും, പിന്നീട് പകുതി പേരെ ഗ്രൂപ്പാക്കി ഇവര്‍ക്ക് പാശ്ചാത്യരീതിയിലുള്ള ഫാസ്റ്റ് ഫുഡ് ഉള്‍പ്പെടെ നല്‍കി വന്നു. ആഴ്ചയുടെ തുടക്കത്തിലും അവസാനത്തിലും ഭക്ഷണത്തിന് മുമ്പും ശേഷവും അവര്‍ക്ക് വേർഡ് മെമ്മറി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി.

കൊക്കോ പോപ്സ്, ഫ്രോസ്റ്റീസ്, ഫ്രൂട്ട് ലൂപ്പുകള്‍ എന്നിവ പോലുള്ള ഉയര്‍ന്ന പഞ്ചസാര ഭക്ഷണങ്ങള്‍ കഴിച്ചവര്‍ ടെസ്റ്റില്‍ സ്‌കോര്‍ ചെയ്തു. അവര്‍ എത്രമാത്രം അവ ആഗ്രഹിക്കുന്നുവെന്നും ഇഷ്ടപ്പെടുന്നുവെന്നും അതിലൂടെ വ്യക്തമായി. ഈ ഭക്ഷണക്രമം ശീലിച്ചതോടെ അവരുടെ ഹിപ്പോകാമ്പസ് പ്രവര്‍ത്തനത്തിന്റെ പരിശോധനയില്‍ അവര്‍ കൂടുതല്‍ ദുര്‍ബലരായിരുന്നുവെന്നാണ് കണ്ടെത്താനായതെന്ന് സിഡ്നിയിലെ മാക്വാരി യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസര്‍ റിച്ചാര്‍ഡ് സ്റ്റീവന്‍സണ്‍ പറഞ്ഞു. കൊഴുപ്പ് കൂടിയതും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയതുമായ ഭക്ഷണം കഴിച്ച് ഏഴു ദിവസത്തിനുശേഷം യുവാക്കള്‍ മെമ്മറി പരിശോധനയില്‍ മോശം പ്രകടനം കാഴ്ചവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പാശ്ചാത്യ രീതിയിലുള്ള ഭക്ഷണരീതിയുടെ ഒരാഴ്ചയ്ക്കുശേഷം, ലഘുഭക്ഷണവും ചോക്ലേറ്റും പോലുള്ള രുചികരമായ ഭക്ഷണമാണ് കൂടുതല്‍ അഭികാമ്യമെന്ന് തോന്നലുണ്ടാകും. ഈ തോന്നലിനെ ചെറുക്കാന്‍ കഴിയാതെ വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷകന്‍ പറയുന്നു. ഇത് ഹിപ്പോകാമ്പസിന് കൂടുതല്‍ നാശമുണ്ടാക്കുകയും ചെയ്യുന്നു.

മെമ്മറിയില്‍ വിശപ്പ് നിയന്ത്രണത്തിലും ഏര്‍പ്പെടുന്ന മസ്തിഷ്‌ക മേഖലയായ ഹിപ്പോകാമ്പസിനെ ജങ്ക് ഫുഡ് തടസ്സപ്പെടുത്തുന്നുവെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. പുകവലി തടയാന്‍ ചെയ്തതുപോലെ തന്നെ സംസ്‌കരിച്ച ഭക്ഷണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാലക്രമേണ സര്‍ക്കാരുകള്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വരുമെന്ന് വിശ്വസിക്കുന്നതായും സ്റ്റീവന്‍സണ്‍ പറഞ്ഞു ''സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിശപ്പിനെ ബാധിക്കുന്ന സൂക്ഷ്മമായ വൈജ്ഞാനിക വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം, അല്ലാത്തപക്ഷം ആരോഗ്യമുള്ള ചെറുപ്പക്കാര്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കും, ഇത് എല്ലാവരേയും ആശങ്കപ്പെടുത്തുന്നതായിരിക്കണം,'' അദ്ദേഹം പറഞ്ഞു . റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സിലാണ് ഈ ഗവേഷണഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് .

 

Other News