Thursday, 07 November 2024

എൻ എച്ച് എസിൽ 50,000 നഴ്സുമാർ കൂടി എന്ന പ്രഖ്യാപനം വെറും സ്വപ്ന പദ്ധതി? നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് തടയാനും പുതിയ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാനും വ്യക്തമായ ഒരു പ്ളാനുമില്ലെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസൺ നല്കിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു എൻഎച്ച്എസിലേയ്ക്ക് 50,000 നഴ്സുമാരെ അധികമായി എത്തിക്കുമെന്നത്. എന്നാൽ ഇത് വളരെ ദുർബലമായ കണക്കുകളുടെയും പ്രതീക്ഷകളുടെയും അടിസ്ഥാനത്തിലാണെന്ന് ഹെൽത്ത് സെക്ടറിലെ സീനിയർ സിവിൽ സെർവൻ്റുകൾ ആശങ്കപ്പെടുന്നു. 2024-25 ആകുമ്പോഴേയ്ക്കും ഈ പ്രഖ്യാപനം നടപ്പിലാക്കാൻ പര്യാപ്തമായ യാതൊരു അനുകൂല ഘടകങ്ങളും കാണുന്നില്ലെന്ന് വ്യക്തമാക്കിയ ദി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, എൻ എച്ച് എസ് ഇംഗ്ലണ്ട് ഇതിന് ഉപോത്ബലകമായ വിശ്വാസ്യതയുള്ള പദ്ധതി മുന്നോട്ട് വയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു.

എൻഎച്ച്എസിലെ വർക്കിംഗ് കണ്ടീഷൻ മെച്ചപ്പെടുത്തി നഴ്സുമാർ ജോലി വിട്ടു പോകുന്നത് നിയന്ത്രിക്കാമെന്നും അതുവഴി 18,500 നഴ്സുമാർ തങ്ങളുടെ കരിയർ തുടരുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ ഒരു പ്രഖ്യാപനം. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൻ്റെ വർക്ക് ഫോഴ്സ് ഡയറക്ടറായ ഗാവിൻ ലാർണർ, എൻ എച്ച് എസ് ഇംഗ്ലണ്ടിൻ്റെ ചീഫ് പീപ്പിൾസ് ഓഫീസറായ പ്രേരണാ ഇസ്സാറിനയച്ച ഇമെയിലിൽ സാധാരണ നടപ്പാക്കേണ്ട പ്ളാനുകളിൽ കാണുന്ന പ്രോജക്ട് മൈൽ സ്റ്റോണുകളോ ട്രജക്ടറികളോ 50,000 അധിക നഴ്സ് പ്ളാനിൽ കാണുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കണമെങ്കിൽ സാലറി, പെൻഷൻ, ലീഡർഷിപ്പ്, വെൽഫെയർ എന്നീ മേഖലകളിൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കണമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പറഞ്ഞു. ഇക്കാര്യത്തിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ 12,500 നഴ്സുമാരെയെങ്കിലും കരിയറിൽ തുടരാൻ പ്രേരിപ്പിക്കാനാവൂ എന്ന് സീനിയർ ഒഫീഷ്യലുകൾ വ്യക്തമാക്കി.

ഈ മാസം ആദ്യം ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കുമായി ഗാമിൻ ലാർണർ നടത്തിയ കൂടിക്കാഴ്ചയിൽ അധിക നഴ്സുമാരെ കണ്ടെത്തുന്നതിനായി പ്രധാനമായും ഇൻ്റർനാഷണൽ റിക്രൂട്ട്മെൻ്റാണ് ലക്ഷ്യമിടുന്നതെങ്കിലും ഈ പദ്ധതിയിൽ ഉൾപ്പെടുത്താത്ത മറ്റു മാർഗങ്ങളും പരിഗണിക്കേണ്ടി വരുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സ്റ്റാഫിൻ്റെ കൊഴിഞ്ഞുപോക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ ഇത്രയും അധിക നഴ്സുമാരെ കണ്ടെത്തുക എന്നുള്ളത് പ്രായോഗികമായി നടപ്പാക്കാൻ പറ്റാത്ത ഒരു ലക്ഷ്യം തന്നെയാണെന്ന് ഒഫീഷ്യൽസ് കരുതുന്നു.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News