ഓക്സ്ഫോർഡ് മ്യൂസിയത്തിലെ തിരുമങ്കൈ അൽവാറുടെ വെങ്കല പ്രതിമ ഇന്ത്യാ ഗവൺമെൻ്റ് തിരികെയാവശ്യപ്പെട്ടു. ഇത് കുംഭകോണത്തുള്ള ക്ഷേത്രത്തിൽ നിന്ന് കടത്തിയതെന്ന് അനുമാനം.
ഓക്സ്ഫോർഡ് മ്യൂസിയത്തിലെ തിരുമങ്കൈ അൽവാറുടെ വെങ്കല പ്രതിമ ഇന്ത്യാ ഗവൺമെൻ്റ് തിരികെയാവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓക്സ്ഫോർഡിലെ ആഷ് മോളിയൻ മ്യൂസിയം മാനേജ്മെൻ്റിന് ഔദ്യോഗികമായി കഴിഞ്ഞ വെള്ളിയാഴ്ച്ച കത്തു നല്കി. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ പ്രതിമ 1960 കളിൽ കുംഭകോണത്തുള്ള ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അനുമാനിക്കുന്നു. ലണ്ടനിലെ സോത്ത്ബിസ് ഓക്ഷൻ ഹൗസിൽ നിന്ന് 1967 ആണ് ഓക്സ്ഫോർഡ് മ്യൂസിയം ഈ പ്രതിമ വാങ്ങിയത്.
ഓക്സ് ഫോർഡിലെ പ്രതിമയുമായി സാദൃശ്യമുള്ള ഒരു പ്രതിമയുടെ 1957ലെ ഫോട്ടോ ഒരു ഇൻഡിപെൻഡൻ്റ് സ്കോളർ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിൽ കണ്ടെത്തിയിരുന്നു. ഇത് തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്തുള്ള ഒരു വില്ലേജിലെ ശ്രീ സൗന്ദരരാജപ്പെരുമാളിൻ്റെ ക്ഷേത്രത്തിലെ പ്രതിമയുടെ രീതിയിൽ ഉള്ളതായിരുന്നു. ഇതേത്തുടർന്ന് ഓക്സ്ഫോർഡ് ആഷ് മോളിയൻ മ്യൂസിയം മാനേജ്മെൻറ് ഇക്കാര്യം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ കഴിഞ്ഞ ഡിസംബറിൽ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഒരു മീറ്റർ ഉയരമുള്ള ഈ വെങ്കല പ്രതിമ തമിഴ് കവിയും ആചാര്യനുമായ തിരുമങ്കൈ ആൾവാറുടെതാണെന്ന് പുരാവസ്തു വിദഗ്ദർ കരുതുന്നു. കൈയിൽ വാളും പരിചയുമേന്തിയ രീതിയിലാണ് 8-9 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഒറിജിനൽ പ്രതിമ മോഷ്ടിച്ച ശേഷം മറ്റൊരു പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നതായും ഓക്സ്ഫോർഡിലേത് ഇവിടെ നിന്ന് കടത്തിയ പ്രതിമയാണെന്ന് ബലമായി സംശയിക്കുന്നതായും തമിഴ്നാട് പോലീസ് ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പ്രതിമയുടെ ഉടമസ്ഥതയിലും വിശ്വാസ്യതയിലും സംശയം തോന്നിയ ഉടൻ തന്നെ ഇക്കാര്യം ഇന്ത്യൻ ഹൈക്കീഷനെ അറിയിച്ചതിൽ മ്യൂസിയം മാനേജ്മെൻ്റിന് ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ഫസ്റ്റ് സെക്രട്ടറി രാഹുൽ നാഗരെ നന്ദി അറിയിച്ചു. പ്രതിമയെക്കുറിച്ച് മ്യൂസിയം അധികൃതർ കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് അവർ ഇന്ത്യ സന്ദർശിക്കുമെന്നും നാഗരെ പറഞ്ഞു.
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS