Thursday, 07 November 2024

ബ്രിട്ടീഷ് പാസ്പോർട്ട് പഴയകാല പ്രൗഡിയിലേയ്ക്ക്. മാർച്ച് മാസം മുതൽ ലഭ്യമാകുന്നത് ബ്ളു കളർ പാസ്പോർട്ട്.

ബ്രിട്ടനിൽ മാർച്ച് മാസം അവസാനം മുതൽ ബ്ളു കളർ പാസ്പോർട്ട് ആയിരിക്കും ലഭ്യമാകുന്നത്. മുപ്പതു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രിട്ടനിൽ കടുംനീല നിറത്തിലുള്ള പാസ്പോർട്ട് വീണ്ടും വരുന്നത്. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ബ്രെക്സിറ്റാനന്തര ബ്രിട്ടന്റെ പുതിയ യാത്രാ രേഖയായി നീല പാസ്പോർട്ടുകൾ പുറത്തിറക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തായ ദിവസം ന്യൂകാസിലിലേക്കുള്ള വിമാനയാത്ര മദ്ധ്യേ കടുംനീല നിറത്തിലുള്ള പുതിയ പാസ്പോർട്ട് കൈവശം വെച്ചിരിക്കുന്ന ചിത്രവും ഡൗണിങ് സ്ട്രീറ്റ് പുറത്തു വിട്ടിട്ടുണ്ട്..

1920 മുതൽ പഴയ ഡിസൈൻ അനുസരിച്ച് ബ്രിട്ടീഷ് പാസ്പോർട്ടിന് കടും നീല നിറമായിരുന്നു. 1988 ൽ യൂറോപ്യൻ യൂണിയൻ പാസ്പോർട്ടുകൾക്കനുസരിച്ച് ഇളം മെറൂൺ നിറത്തോട് സാമ്യമുള്ള ബർഗണ്ടിയിലേക്ക് മാറ്റുകയായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള വോട്ടെടുപ്പിനെത്തുടർന്ന് ബ്രിട്ടനിൽ അനിവാര്യമായ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്ന് വാദിച്ച്, രണ്ടു വർഷം മുമ്പ് അന്നത്തെ ഇമിഗ്രേഷൻ മന്ത്രി ബ്രാൻഡൻ ലൂയിസ് ആയിരുന്നു പാസ്പോർട്ട് കടുംനീല നിറത്തിലേയ്ക്ക്‌ മടക്കി കൊണ്ടു വരാൻ തീരുമാനം എടുത്തത്. ലൂയിസിന്റെ ഇൗ തീരുമാനത്തെ ബ്രെക്സിറ്റ് അനുഭാവികൾ ഏറ്റെടുക്കുകയും കടുംനീല നിറത്തിലുള്ള പാസ്പോർട്ട് ലീവ് ക്യാമ്പയിന്റെ മുഖമുദ്രയാവുകയും ചെയ്തു.

കടുംനീല നിറത്തിലുള്ള പാസ്പോർട്ട് വീണ്ടും അവതരിപ്പിക്കാനുള്ള തീരുമാനത്തെ യൂറോപ്യൻ റിസർച്ച് ഗ്രൂപ്പിലെ അംഗങ്ങൾ, ലീഡർ ഓഫ് കോമൺസ് ജേക്കബ് റീസ്-മോഗ് തുടങ്ങിവർ പ്രശംസിച്ചു. യൂറോപ്യൻ യൂണിയൻ രീതിയിലുള്ളവ ആദ്യം ഉപയോഗിക്കേണ്ടതുള്ളതു കൊണ്ട് വേനൽക്കാലത്ത് പാസ്‌പോർട്ട് പുതുക്കേണ്ടി വരുന്നതിലൂടെ, ബ്രിട്ടീഷ് ഹോളിഡേമേക്കർസിന് നീല നിറത്തിലുള്ള പുതിയ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള അവസരം നഷ്‌ടമാകാൻ സാധ്യതയുണ്ട്. ഇൗ വേനൽക്കാലത്ത് പാസ്പോർട്ട് പുതുക്കേണ്ടി വരുന്നവർക്കും ഇതായിരിക്കും അവസ്ഥ.

എന്നാൽ 2020 മധ്യത്തോടെ വിതരണം ചെയ്യുന്ന എല്ലാ പുതിയ പാസ്‌പോർട്ടുകളും നീല നിറത്തിലുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹോം ഓഫീസ് അറിയിച്ചു.ബ്രെക്സിറ്റ് പാസ്‌പോർട്ട് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് നീലനിറം ലഭിക്കുമെന്ന് ഉറപ്പാക്കണമെങ്കിൽ അടുത്ത വർഷം വരെ പാസ്‌പോർട്ട് പുതുക്കാൻ കാത്തിരിക്കേണ്ടിവരും.ഇപ്പോൾ നിലവിലുള്ള പാസ്‌പോർട്ടുകൾ അവയുടെ കാലഹരണ തീയതി വരെ സാധുവായി തുടരും. എന്നാൽ 2021 ജനുവരി 1 മുതലാണ്‌ യാത്ര ചെയ്യാൻ ആരംഭിക്കുന്നതെങ്കിൽ ബ്രിട്ടീഷ് പാസ്‌പോർട്ട് നേരത്തെ പുതുക്കേണ്ടതുണ്ട്.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News