Tuesday, 03 December 2024

ബ്രെക്‌സിറ്റിന് ശേഷം നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടി പരാജയപ്പെട്ടു. 75 ബില്യൺ പൗണ്ടിൻ്റെ ഫണ്ടിംഗ് ഗ്യാപ്പ് നികത്താൻ ധാരണയിൽ എത്താനാകാതെ അംഗരാജ്യങ്ങൾ

യൂറോപ്യൻ യൂണിയൻ ബജറ്റിൽ ബ്രെക്‌സിറ്റ് അവശേഷിപ്പിച്ച 75 ബില്യൺ പൗണ്ടിന്റെ കുറവ് പരിഹരിക്കാൻ ശ്രമിച്ച യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടി നാടകീയമായി തകർന്നു. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ വെച്ചായിരുന്നു ഉച്ചകോടി. യൂണിയനിലെ സമ്പന്ന രാജ്യങ്ങൾ കൂടുതൽ പണം ബഡ്ജറ്റിന് കൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക്‌ കാരണമായി. യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തു കടന്നതോടെ അടിയന്തിര കാലാവസ്ഥാ സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും ദരിദ്ര പ്രദേശങ്ങളെ സഹായിക്കുന്നതിനും പൊതു കാർഷിക നയത്തിലൂടെ കർഷകർക്ക് സബ്‌സിഡി നൽകുന്നത് തുടരുന്നതിനും അടുത്ത ഏഴു വർഷത്തേയ്ക്കുള്ള പദ്ധതികൾക്ക് ധനസഹായം കണ്ടെത്താൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പാടുപെടുകയാണ്.

ഇരുപത്തിയേഴ് അംഗരാജ്യങ്ങളുടെ മേധാവികളും ഇയു ഗവൺമെൻറും ചേർന്ന് യോജിച്ച ഒരു തീരുമാനം ബഡ്ജറ്റിനെ സംബന്ധിച്ച് എടുക്കാൻ സാധിക്കാത്തതാണ് ഉച്ചകോടി പരാജയപ്പെടാൻ കാരണമായത്. ബില്യൻ കണക്കിന് ഫണ്ട് കൂടുതലായി യൂണിയൻ ബഡ്ജറ്റിനു വേണ്ടി നൽകേണ്ടി വരുമെന്നതിനാൽ ജർമ്മൻ ചാൻസലറായ അംഗെല മെയ്ക്കൽ ഒരു പ്രധാന നിർദേശം നിരസിക്കുകയും തുടർന്ന് മറ്റു പ്രധാന പങ്കാളികളും നിർദ്ദേശത്തെ നിരസിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം നടന്ന ബ്രസൽസിലെ കൂടിക്കാഴ്ചയിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലിന്റെ പുതിയ നയത്തിന് 27 രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിച്ചെങ്കിലും സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും എന്നുള്ള ഭിന്നത വർദ്ധിക്കുകയും തുടർന്ന് ബഡ്ജറ്റ് ചർച്ച എങ്ങും എത്താതെ പരാജയപ്പെടുകയാണ് ഉണ്ടായത്. അംഗരാജ്യങ്ങളായ നെതർലാൻഡ്‌സ്, ഡെൻമാർക്ക്, ഓസ്ട്രിയ, സ്വീഡൻ പ്രതിനിധികൾ യൂറോപ്യൻ യൂണിയൻ ബജറ്റ് ബ്ളോക്ക്‌ മൊത്തം ദേശീയ വരുമാനത്തിന്റെ 1% കവിയരുത് എന്ന് വാദിച്ചു.

ഉച്ചകോടി പരാജയപ്പെട്ടുവെന്ന മാധ്യമപ്രവർത്തകരുടെ അവകാശവാദങ്ങളോട് പ്രതികരിച്ച മൈക്കൽ, ഈ വിഷയം “ഉയർന്ന രാഷ്ട്രീയ തലത്തിൽ” ചർച്ച ചെയ്യേണ്ടതുണ്ടെന്നും അംഗരാജ്യങ്ങളുടെ നിലപാടുകൾ നന്നായി മനസിലാക്കുന്നുവെന്നും പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ശാസ്ത്ര-ഗവേഷണ പരിപാടികളിൽ ഗണ്യമായ വെട്ടിക്കുറവുകളിലൂടെ ജർമ്മനി ഉൾപ്പെടെയുള്ള ഏറ്റവും വലിയ തുക നൽകുന്ന രാജ്യങ്ങളുടെ അധിക ഭാരം കുറയ്ക്കാൻ നിർദ്ദേശിച്ചു.

മൾട്ടി-ഫിനാൻഷ്യൽ ഫ്രെയിംവർക്ക് എന്നറിയപ്പെടുന്ന യൂറോപ്യൻ യൂണിയന്റെ ദീർഘകാല ചെലവുകളെക്കുറിച്ച് ഒരു ധാരണയിലെത്താൻ യൂറോപ്യൻ കൗൺസിലിന് രണ്ട് ഉച്ചകോടികളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ഉച്ചകോടി മാർച്ചിലാണ് പ്രതീക്ഷിക്കുന്നത്.

Other News