പ്രിൻസ് ഹാരിയ്ക്കും മേഗൻ മർക്കലിനും 'സസെക്സ് റോയൽ' ടൈറ്റിൽ ഉപയോഗിക്കുന്നതിൽ വിലക്ക്.
രാജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരനും ഭാര്യ മേഗനും 'സസെക്സ് റോയൽ' എന്ന ലേബൽ ഉപയോഗിക്കുന്നതിന് രാജ്ഞിയുടെ വിലക്ക്. തങ്ങളുടെ ജനപ്രിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും വെബ്‌സൈറ്റിനും ഹാരി - മേഗൻ ദമ്പതികൾ ഇൗ പേരാണ് ഉപയോഗിക്കുന്നത്. പദവി ഉപേക്ഷിച്ചതു കൊണ്ട് തന്നെ 'റോയൽ ' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഹാരിയോടും മേഗനോടും നിർദ്ദേശിച്ചു.
'റോയൽ ' എന്ന വാക്കിന് സർക്കാരിനോ രാജ്ഞിക്കോ ഉടമസ്ഥാവകാശം ഇല്ലെങ്കിലും ഇപ്പോൾ രാജകൊട്ടാരത്തിലെ അംഗങ്ങളായി തുടരുന്നില്ലാത്തതു കൊണ്ട് ഇൗ വരുന്ന സമ്മർ മുതൽ റോയൽ എന്ന ടൈറ്റിൽ തങ്ങളുടെ ബ്രാൻഡിംഗിൽ ഉപയോഗിക്കില്ല ഹാരിയും മേഗനും വ്യക്തമാക്കി. ഹാരി രാജകുമാരനും മേഗൻ മാർക്കലും സസെക്സിലെ ഡ്യൂക്കും, ഡച്ചസും എന്ന വിശേഷണത്തിൽ തുടരുമെങ്കിലും, കൊട്ടാരത്തിലെ പദവികൾ ഉപേക്ഷിച്ചതിനാൽ "ഹിസ് അല്ലെങ്കിൽ ഹേർ റോയൽ ഹൈനെസ്" (HRH) സ്ഥാനപ്പേരുകളും ഇനി മുതൽ ഉപയോഗിക്കില്ല.
സസെക്സ് റോയൽ ബ്രാൻഡ് വെബ്‌സൈറ്റ് നിർമ്മിക്കുന്നതിന് വൻ തുക ചെലവഴിച്ച ഹാരി - മേഗൻ ദമ്പതികൾക്ക് കാര്യമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ട്രേഡ് മാർക്കിന് വേണ്ടിയുള്ള അപേക്ഷകൾ, വസ്ത്രങ്ങൾ മുതൽ സ്റ്റേഷനറി വരെയുള്ള ഇനങ്ങൾ തുടങ്ങിയവ ബ്രാൻഡിന് കീഴിൽ ഫയൽ ചെയ്തിരുന്നു.