Thursday, 07 November 2024

ബ്രിട്ടണിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജപ്പാനിൽ ക്വാരൻ്റീനിൽ ആയിരുന്ന ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ലൈനറിൽ നിന്ന് തിരിച്ചെത്തിയവരാണിവർ.

ബ്രിട്ടണിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ജപ്പാനിൽ ക്വാരൻ്റീനിൽ ആയിരുന്ന ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ലൈനറിൽ നിന്ന് തിരിച്ചെത്തിയവരാണിവർ. നാലു പേരെയും ചികിത്സയ്ക്കായി പ്രത്യേക എൻഎച്ച്എസ് ഇൻഫെക്ഷൻ സെൻ്ററിലേയ്ക്ക് മാറ്റി. ശനിയാഴ്ച്ചയാണ് പ്രത്യേക ഫ്ളൈറ്റിൽ 32 പേരുടെ സംഘം ബ്രിട്ടണിൽ തിരിച്ചെത്തിയത്. പുറപ്പെടുന്നതിന് മുമ്പ് ഇവർക്ക് റിസ്ക് അസസ്മെൻറ് നടത്തിയിരുന്നെന്നും ആരും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് പറഞ്ഞു. വിറാലിലെ അരോവെ ഹോസ്പിറ്റലിൻ്റെ ക്വാരൻ്റീൻ ഫസിലിറ്റിയിലേയ്ക്ക് ഇവരെ ഇന്നലെ മാറ്റിയിരുന്നു. ഇതിൽ 30 പേർ ബ്രിട്ടീഷ് പൗരന്മാരും രണ്ടു പേർ ഐറിഷ് പൗരന്മാരുമാണ്.

ഇതുവരെ 13 പേർക്കാണ് കൊറോണ വൈറസ് ഇൻഫെക്ഷനുള്ളതായി ബ്രിട്ടണിൽ കണ്ടെത്തിയിട്ടുണ്ട്. വുഹാനിൽ നിന്നെത്തിയ 94 പേർ 14 ദിവസത്തെ വിറാലിലെ ഐസൊലേഷൻ പൂർത്തിയാക്കി നേരത്തെ വീടുകളിലേയ്ക്ക് മടങ്ങിയിരുന്നു. മിൽട്ടൺ കീൻസിൽ ക്വാരൻ്റിനിൽ ഉണ്ടായിരുന്ന 118 പേരും രണ്ടാഴ്ചത്തെ നിർബന്ധിത ഐസൊലേഷൻ ഇന്ന് പൂർത്തിയാക്കി.

ജപ്പാനിലെ യോക്കോഹാമയിൽ രണ്ടാഴ്ച ക്വാരൻ്റിനിൻ ആയിരുന്ന ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ലൈനറിൽ 3,711 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 600 ലേറെ പേർക്ക് വൈറസ് ബാധിച്ചിരുന്നു. മൂന്നു പേർ മരിക്കുകയും ചെയ്തു.
 

Other News