Wednesday, 22 January 2025

സ്റ്റാഫിംഗ് ക്രൈസിസ് പരിഹരിക്കാൻ നഴ്സുമാരെ സർജിക്കൽ കെയർ പ്രാക്ടീഷണറാക്കാൻ എൻഎച്ച്എസ് പദ്ധതി. സാലറി 50,000 പൗണ്ടോളം.

എൻഎച്ച്എസിലെ സ്റ്റാഫിംഗ് ക്രൈസിസിനും വെയിറ്റിംഗ് ടൈം വർദ്ധനയ്ക്കും പരിഹാരമായി നഴ്സുമാരെ സർജിക്കൽ കെയർ പ്രാക്ടീഷണറാക്കാൻ പദ്ധതി തയ്യാറാവുന്നു. രണ്ടു വർഷത്തെ കോഴ്സാണ് ഇതിനായി വിഭാവനം ചെയ്യുന്നത്. എൻഎച്ച്എസിലെ സർജന്മാരുടെ വർക്ക് ലോഡ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് നിഗമനം. ട്രെയിനിംഗിനു ശേഷം ഹെർണിയ, സിസ്റ്റുകൾ, ചിലതരം സ്കിൻ ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ട സർജറികൾ നടത്താൻ നഴ്സുമാർക്ക് അനുമതി നല്കും.

ഇതു കൂടാതെ ഹാർട്ട് ബൈപാസ്, ഓർത്തോപീഡിക് സർജറികൾ എന്നിവയിൽ പ്രധാന റോളുകൾ ഏറ്റെടുത്ത് ചെയ്യാനും പുതിയ കോഴ്സിലൂടെ യോഗ്യത ലഭിക്കും. അടുത്ത മാസം പുറത്തു വിടുന്ന എൻഎച്ച്എസ് പീപ്പിൾ പ്ളാനിൽ ഇക്കാര്യങ്ങൾ വിശദീകരിക്കും. പുതിയ നീക്കങ്ങളിൽ തങ്ങൾക്ക് കാര്യമായ ആശങ്കകളൊന്നും ഇല്ലെന്നും എന്നാൽ നോൺ- സർജന്മാർ ചെയ്യുന്ന ഓപ്പറേഷനുകൾ രോഗികളെ സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ലീഡർമാർ അഭിപ്രായപ്പെട്ടു.

സർജിക്കൽ കെയർ പ്രാക്ടീഷണറാവാൻ മൊത്തം അഞ്ചു വർഷം ട്രെയിനിംഗ് വേണം. നഴ്സിംഗ് ഡിഗ്രിയ്ക്കുള്ള മൂന്നു വർഷം അല്ലെങ്കിൽ ഹെൽത്ത് കെയറിലുള്ള സമാന കാലയളവിലുള്ള കോഴ്സും കൂടാതെ രണ്ടു വർഷത്തെ മാസ്റ്റേഴ്സുമാണ് ഇതിനാവശ്യം. എന്നാൽ സർജന്മാർ 16 വർഷത്തോളം ട്രെയിനിംഗ് ഉള്ളവരാണ്. ആറ് വർഷം മെഡിക്കൽ സ്കൂളിലും അതിനു ശേഷം 10 വർഷം സ്പെഷ്യലിസ്റ്റ് സർജിക്കൽ സ്കില്ലും പ്രാക്ടീസ് ചെയ്തതിനു ശേഷമാണ് പൂർണമായ തോതിൽ സർജൻ്റെ റോളിൽ എത്തുന്നത്.

നഴ്സുമാർക്ക് ലഭിക്കുന്ന ശരാശരി സാലറി 25,000 പൗണ്ടാണ്. എന്നാൽ സർജിക്കൽ കെയർ പ്രാക്ടീഷണർമാർക്ക് 50,000 ത്തോളം പൗണ്ട് ലഭിക്കുമെന്നത് ഈ റോളിനെ ആകർഷകമാക്കുമെന്നാണ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് കരുതുന്നത്. റോയൽ കോളജ് ഓഫ് സർജൻസ് പുതിയ റോളിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർജിക്കൽ കെയർ പ്രാക്ടീഷണർ റോളുകൾ എങ്ങനെ റെഗുലേറ്റ് ചെയ്യുമെന്നതിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News