യുകെ ബ്രോഡ്‌ബാൻഡ് പ്രൊവൈഡർമാർ ഇമെയിലിന് ചാർജ്ജ് ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് ഓഫ്‌കോം.
യുകെ ബ്രോഡ്‌ബാൻഡ് പ്രൊവൈഡർമാർ ഇമെയിലിന് അധിക ചാർജ്ജ് ഈടാക്കുന്നതിനെക്കുറിച്ച് ഓഫ്‌കോം അന്വേഷണം തുടങ്ങി. ഒരു യുകെ വെബ് ഹോസ്റ്റിംഗ് നിന്നും പുതിയ ഇമെയിൽ അഡ്രസ് സ്വന്തമായി വാങ്ങുന്നതിന് താരതമ്യേന തുക കുറവാണ്. എന്നാൽ, ബിറ്റിയുടെയോ അല്ലെങ്കിൽ ടോക്ക്ടോക്കിന്റെയോ മുൻ ഉപഭോക്താവ് ആണെങ്കിൽ പഴയ ഇമെയിൽ അഡ്രസ്സ് നിലനിർത്തുന്നതിന് അധിക ചാർജ്ജ് ഈടാക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓഫ്കോം ഇതിനെതിരായി രംഗത്ത് എത്തിയത്.
വെബ് ഹോസ്റ്റിംഗ് ദാതാവിനെ മാറ്റിയാലും മുമ്പത്തെപ്പോലെ അവരുടെ ഇമെയിൽ അഡ്രസ്സ് തുടർന്നും ഉപയോഗിക്കുന്നതിന് ബിറ്റി പ്രതിമാസം 7.50 പൗണ്ട് വീതവും ടോക്ക് ടോക്ക് 5 പൗണ്ട് വീതവും ഈടാക്കുന്നു. സേവനം വേണ്ടെന്നു വെച്ച ഉപഭോക്താക്കളുടെ ഇമെയിൽ അഡ്രസ്സ് 90 ദിവസം വരെ മാത്രമേ വെർജിൻ നിലനിർത്തുകയുള്ളൂ. പക്ഷേ സ്കൈ തങ്ങളുടെ ഉപഭോക്താക്കൾ ആയിരുന്നവർ അതേ ഇമെയിൽ അഡ്രസ്സിൽ തുടരുന്നത് സൗജന്യമായി അനുവദിക്കുന്നുണ്ട്.
ഇമെയിൽ വിലാസങ്ങൾ സൂക്ഷിക്കാൻ എന്തിനാണ് മുൻപ് ഉപഭോക്താക്കൾ ആയിരുന്നവർ പണം നൽകേണ്ടതെന്ന് ചോദിച്ചു കൊണ്ട് ബ്രോഡ്‌ബാൻഡ് കമ്പനികൾക്ക് എഴുതുന്നുണ്ടെന്ന് ഓഫ്‌കോം അറിയിച്ചു. ഇൗ വിഷയത്തിൽ മറ്റു നടപടികൾ എടുക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും ഓഫ്കോം കൂട്ടിച്ചേർത്തു. യുകെയുടെ ബ്രോഡ്ബാൻഡ് വിതരണത്തിന്റെ 90% നടത്തുന്നത് ബ്രിട്ടന്റെ നാല് വലിയ ബ്രോഡ്ബാൻഡ് ദാതാക്കളായ ബിടി, സ്കൈ, ടോക്ക്ടോക്ക്, വെർജിൻ എന്നീ കമ്പനികളാണ്.
ബിറ്റി ബ്രോഡ്ബാൻഡ് മൂന്നു വർഷം മുൻപ് വേണ്ടെന്ന് വെച്ച ഒരു ഉപഭോക്താവ് ഇത് അടിസ്ഥാനപരമായി ഒരു പകൽ കൊള്ള തന്നെയാണെന്ന് ബിബിസി യുടെ റേഡിയോ 4 - മണി ബോക്സുമായുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഉപയോഗിച്ചു കൊണ്ടിരുന്ന ഇമെയിൽ നിലനിർത്തുന്നതിനു വേണ്ടി താൻ മൂന്ന് വർഷത്തോളമായി നിശ്ചിത തുക അടയ്ക്കുകയാണെന്നും 260 പൗണ്ട് ഇതുവരെ അതിനു വേണ്ടി ചിലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ മികച്ച സേവനം തരുന്ന ബ്രോഡ്ബാൻഡ് തിരഞ്ഞെടുക്കണം എങ്കിൽ പഴയ ഇമെയിൽ അഡ്രസ്സ് നിലനിർത്തുന്നതിന് വീണ്ടും പ്രതിമാസം നിശ്ചിത തുക വെച്ച് പഴയ ബ്രോഡ്ബാൻഡ് ദാതാവിന് അടയ്ക്കേണ്ടതായി വരുന്നു. മികച്ച ബ്രോഡ്ബാൻഡ് സേവനം തേടുന്നതിൽ നിന്നും ഇത് ആൾക്കാരെ ഒരു പരിധി വരെ തടയുന്നു. പഴയ ഇമെയിൽ അഡ്രസ്സ് ആവശ്യമുള്ള എല്ലാ ഓൺലൈൻ അക്കൗണ്ടുകളും മാറ്റേണ്ടി വരും. ബാങ്ക്, ഗ്യാസ്, ഇലക്ട്രിസിറ്റി, കാർ ഇൻഷുറൻസ്, ഭവന ഇൻഷുറൻസ്, ഹോളിഡേ കമ്പനികൾ, എയർലൈൻസ്, തുടങ്ങി ആവശ്യമായ എല്ലാ ഓൺലൈൻ ഷോപ്പുകൾക്കുമായുള്ള ലോഗിനുകൾ ഇങ്ങനെ മാറ്റേണ്ടി വരും.