Monday, 23 December 2024

സ്‌കിന്‍ ടോണ്‍ പ്ലാസ്റ്ററിലൂടെ ചരിത്രം സൃഷ്ടിച്ച് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ്.

സ്‌കിന്‍ ടോണ്‍ പ്ലാസ്റ്ററില്‍ വൈവിധ്യങ്ങള്‍ അവതരിപ്പിക്കുന്ന യുകെയിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് എന്ന പദവി ഇനി ടെസ്‌കോയ്ക്ക് സ്വന്തം. മൂന്ന് സ്‌കിന്‍ ടോണുകളില്‍ ഫാബ്രിക് പ്ലാസ്റ്ററുകള്‍ പുറത്തിറക്കി. ലൈറ്റ്, മീഡിയം, ഡാര്‍ക്ക് ടോണുകളിലാണ് ഫാബ്രിക് പ്ലാസ്റ്ററുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഒരു വൈറല്‍ ട്വീറ്റ് ടെസ്‌കോ സ്റ്റാഫിൻ്റെ ശ്രദ്ധയില്‍പ്പെട്ടതാണ് സ്‌കിന്‍ പ്ലാസ്റ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതിലേക്ക് ഇവരെ നയിച്ചത്. ആദ്യമായി സ്‌കിന്‍ ടോണുമായി ചേരുന്ന പ്ലാസ്റ്റര്‍ ഉപയോഗിച്ചതിന്റെ വൈകാരിക നിമിഷം ഒരാള്‍ പങ്കുവെച്ചതിന് പിന്നാലെ 500,000 ലധികം ലൈക്കുകള്‍ തേടി വരുകയായിരുന്നു. ടെസ്‌കോ മാനേജ്മെൻ്റിൻ്റെ ശ്രദ്ധയിലേക്ക് ഇത് കൊണ്ടു വരുകയും പ്ലാസ്റ്റര്‍ ടോണുകളുടെ പ്രാധാന്യം എടുത്തുകാട്ടുന്നവരില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്നും വൈവിധ്യമാര്‍ന്ന ടോണുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് ഇവരെ നയിക്കുകയുമായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ വൈവിധ്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഉള്‍പ്പെടുത്തലിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിലൂടെ സ്റ്റാഫിലും ഉപഭോക്താക്കളിലും നല്ല സ്വാധീനം ചെലുത്താനാണ് ടെസ്‌കോയിലെ BAME ഗ്രൂപ്പ് (ബ്ലാക്ക് ആൻഡ് ഏഷ്യൻ മൈനോറിറ്റി എത്നിക്) ലക്ഷ്യമിടുന്നത്.

എല്ലാ കമ്മ്യൂണിറ്റികളില്‍ നിന്നുമുള്ള ഞങ്ങളുടെ ഉപഭോക്താക്കളെ മികച്ച രീതിയില്‍ സേവിക്കാന്‍ സഹായിക്കുകയെന്നതാണ് തങ്ങളുടെ നെറ്റ്വര്‍ക്കിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എന്ന് ടെസ്‌കോ നെറ്റ്വര്‍ക്കിലെ BAME ചെയര്‍ പാലറ്റ് ബാല്‍സണ്‍ പറഞ്ഞു. യുകെയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റും ഇതിനുമുന്‍പ് പലതരം സ്‌കിന്‍ ടോണുകളില്‍ പ്ലാസ്റ്ററുകള്‍ സംഭരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഞങ്ങള്‍ നിരന്തരം അവലോകനം ചെയ്യുമെന്ന് ടെസ്‌കോയിലെ ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് ഡയറക്ടര്‍ നിക്കോള റോബിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

UK Malayali Matrimony

 

Other News