അടിയന്തിര ഭീകരവാദ വിരുദ്ധ നിയമം പ്രാബല്യത്തിൽ; തീവ്രവാദി മുഹമ്മദ് സഹീർ ഖാന് മോചനം ഇനിയും നീളും.
തീവ്രവാദി മുഹമ്മദ് സഹീർ ഖാന് ജയിൽ മോചിതനാകാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ അടിയന്തിര ഭീകരവാദ വിരുദ്ധ നിയമം യുകെയിൽ പ്രാബല്യത്തിൽ വന്നു. പരോളിനായി പരിഗണിക്കുന്നതിനുമുമ്പ് ഒരു വർഷത്തേക്ക് കൂടി സഹീർ ഖാനെ ജയിലിൽ അടയ്ക്കാൻ പുതിയ നിയമം അധികാരികളെ അനുവദിക്കും.
ജയിൽ ശിക്ഷ അനുഭവിക്കുന്ന തീവ്രവാദ തടവുകാർ മോചനത്തിന് യോഗ്യരായി കണക്കാക്കപ്പെടണം എങ്കിൽ ഇനി ജയിൽ ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും കഴിയണം. തീവ്രവാദ തടവുകാരുടെ ഓട്ടോമാറ്റിക് റിലീസിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്താനും പുതിയ നിയമം സഹായകമാകും, ഇത് ജയിൽ മോചനം പ്രതീക്ഷിച്ചിരിക്കുന്ന 50 ഓളം തടവുകാർക്ക് ബാധകമാണ്. ഇനി മുതൽ മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് പരോൾ ബോർഡിലെ സ്പെഷ്യലിസ്റ്റ് ജഡ്ജിമാരുടെയും സൈക്യാട്രിസ്റ്റുകളുടെയും ഒരു പാനൽ അവലോകനം നടത്തേണ്ടതുണ്ട്.
ഈ മാസം ആദ്യം തെക്കൻ ലണ്ടനിൽ നടന്ന സ്ട്രീതാം ആക്രമണത്തെ തുടർന്നാണ് അടിയന്തര നിയമനിർമ്മാണം നടത്തിയത്. അടിയന്തിര ഭീകരവാദ വിരുദ്ധ നിയമത്തിന് മുൻ കേസുകളിലെ സാധ്യതയെകുറിച്ച് ക്രോസ്സ് പാർട്ടി വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോർഡ്സിൽ രണ്ടാമത്തെ വായനയിൽ എതിരില്ലാതെ ബിൽ പാസാക്കപ്പെട്ടു.