Monday, 23 December 2024

യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന 3.6 മില്യൺ അഭയാർഥികളെ തടയില്ലെന്ന് തുർക്കി; കര, കടൽ മാർഗ്ഗങ്ങൾ പൂട്ടി ഗ്രീസ്; അതിർത്തി കടന്നുകയറാൻ ശ്രമിച്ച അഭയാർഥികൾക്കു നേരെ കണ്ണീർ വാതക പ്രയോഗം.

യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന 3.6 മില്യൺ അഭയാർഥികളെ തടയില്ലെന്ന് തുർക്കി വ്യക്തമാക്കി. എന്നാൽ കര, കടൽ മാർഗ്ഗങ്ങൾ പൂട്ടിയ ഗ്രീസ് അതിർത്തി കടന്നുകയറാൻ ശ്രമിച്ച അഭയാർഥികൾക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. വെള്ളിയാഴ്ച രാവിലെ ഗ്രീസിലേക്കും ബൾഗേറിയയിലേക്കും അതിർത്തി കടക്കാൻ നൂറുകണക്കിന് കുടിയേറ്റക്കാരെ തുർക്കി അനുവദിക്കുകയായിരുന്നു. പുതിയ അഭയാർഥി പ്രതിസന്ധി ഉടലെടുത്തതിനെ തുടർന്ന്, സിറിയയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ ഇഡ്‌ലിബിൽ റഷ്യൻ പിന്തുണയുള്ള സർക്കാരിന്റെ ആക്രമണം തടയാൻ തുർക്കി ശ്രമിക്കുന്നുണ്ട്.

അതിർത്തിക്കപ്പുറത്തേക്ക് യാത്ര ചെയ്യുന്നത് തടയുന്നതിനുള്ള ദീർഘകാല കരാറിൽ നിന്ന് തുർക്കി പിന്മാറിയപ്പോൾ യൂറോപ്പ് ഒരു പുതിയ കുടിയേറ്റ പ്രതിസന്ധിയുടെ വക്കിലാണ്. നൂറുകണക്കിന് അഭയാർഥികൾ ഇപ്പോൾ തന്നെ ഗ്രീസിലേക്കും ബൾഗേറിയയിലേക്കും പോകാൻ തുടങ്ങി. അവർ വിജയകരമായി അതിർത്തി കടന്നാൽ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും അവർക്ക് കടന്നുകയറാൻ ആകും. തുർക്കിയുടെ അയൽ രാജ്യങ്ങൾ അതിർത്തികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബൾഗേറിയ 1,000 സൈനികരെയും സൈനിക ഹാർഡ്‌വെയറുകളെയും തുർക്കിയുമായുള്ള 190 മൈൽ അതിർത്തിയിലേക്ക് വിന്യസിച്ചു.

അനധികൃത കുടിയേറ്റം യാതൊരു വിധത്തിലും അനുവദിക്കില്ലെന്ന് ഗ്രീസ് നിലപാടെടുത്തു. സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിൽ റഷ്യൻ പിന്തുണയുള്ള സൈനികർ നടത്തിയ ആക്രമണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടതാണ് അങ്കാറയുടെ നീക്കത്തിന് കാരണമായത്. 5.1 ബില്യൺ പൗണ്ട് ധനസഹായം സ്വീകരിച്ചതിന് പകരമായി തുർക്കി യൂറോപ്യൻ യൂണിയനുമായി ഒരു കുടിയേറ്റ കരാറിൽ മുൻപ് ഒപ്പു വെച്ചിരുന്നു. സിറിയൻ പ്രശ്നത്തിൽ ഇടപെടാൻ യൂറോപ്യൻ യൂണിയനെ സമ്മർദ്ദത്തിലാക്കാനുള്ള തുർക്കിയുടെ തന്ത്രമാണ് ഇപ്പോഴത്തെ കരാർ ലംഘനം.

Other News