Monday, 23 December 2024

യുകെയിൽ ഇന്ന് 12 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ.

യുകെയിൽ ഇന്ന് 12 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ബ്രിട്ടണിലെ മൊത്തം കോവിഡ് - 19 ഇൻഫെക്ഷൻ്റെ എണ്ണം 35 ആയി ഉയർന്നു. സറേയിൽ രോഗം ബാധിച്ച ഒരാളിൽ നിന്ന് മറ്റു മൂന്നു പേരിലേയ്ക്ക് രോഗം പടർന്നു. എസക്സിൽ ഒരാൾക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ ഇയാൾ ബ്രിട്ടണിന് പുറത്തേയ്ക്ക് യാത്ര ചെയ്തിട്ടില്ല. മറ്റു എട്ടു പേർ കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്. രോഗവ്യാപനം തടയാനുള്ള ഊർജിത ശ്രമങ്ങൾ ഗവൺമെൻ്റ് നടത്തുന്നുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി. എന്നാൽ വൈറസ് പടരുന്നത് പൂർണമായും തടയുവാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ബാധയുമായി ബന്ധപ്പെട്ട് നാളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺകോബ്രാ കമ്മിറ്റി വിളിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ഇൻഫെക്ഷൻ തടയാനും പകരാതിരിക്കാനും എൻഎച്ച്എസ് നല്കുന്ന അഡ് വൈസ് ഇതാണ്.

എന്താണ് കൊറോണ വൈറസ് (കോവിഡ് - 19) ?

കൊറോണ വൈറസ് (കോവിഡ് - 19) ശ്വാസകോശങ്ങളെയും ശ്വസനനാളികളെയും ബാധിക്കുന്ന ഒരു പുതിയ രോഗമാണ്.

യുകെയിൽ കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത ?

പബ്ളിക്കിനുള്ള ഹെൽത്ത് റിസ്ക് മോഡറേറ്റ് ലെവലിലാണ്. വ്യക്തികൾക്ക് രോഗം പകരാനുളള സാധ്യത കുറഞ്ഞ നിലയിൽ തുടരുന്നു.

കൊറോണ വൈറസ് എങ്ങനെയാണ് പടരുന്നത് ?


കൊറോണ വൈറസ് പുതിയ രോഗമായതിനാൽ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത് എങ്ങനെയെന്ന് വ്യക്തമായ അറിവില്ല. ഇതേ പോലെയുള്ള വൈറസുകൾ സാധാരണ ഗതിയിൽ പടരുന്നത് ചുമയിൽ നിന്ന് പുറത്തു വരുന്ന കണങ്ങളിലൂടെയാണ്. രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന പാക്കേജ്, ഫുഡ് എന്നിവയിലൂടെ പകരാൻ സാധ്യതയില്ല.

കൊറോണ വൈറസ് (കോവിഡ്-19) ഇൻഫെക്ഷൻ ഒഴിവാക്കാനും രോഗം പടരുന്നത് തടയാനും എടുക്കേണ്ട മുൻകരുതലുകൾ

കൊറോണ വൈറസിന് നിലവിൽ വാക്സിനേഷൻ ഇല്ല. രോഗാണുക്കൾ പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടിഷ്യൂ കൊണ്ടോ സ്ളീവ് കൊണ്ടോ മറച്ചു പിടിക്കണം. കൈ കൊണ്ട് മറച്ചു പിടിക്കരുത്.
2. മറച്ചു പിടിക്കാൻ ഉപയോഗിച്ച ടിഷ്യൂ നേരെ ബിന്നിൽ കളയണം.
3. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ജെൽ ഉപയോഗിക്കണം.
4. രോഗാവസ്ഥയുള്ളവരുമായുള്ള അടുപ്പം ഒഴിവാക്കാൻ ശ്രമിക്കണം.


നിങ്ങളുടെ കൈകൾ വൃത്തിയുള്ളതല്ലെങ്കിൽ അവയുപയോഗിച്ച് കണ്ണുകൾ, മൂക്ക്, വായ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ

1. ചുമ
2. കടുത്ത പനി
3. ശ്വാസമെടുക്കാനുള്ള തടസം


ഇങ്ങനെയുള്ള അവസരങ്ങളിൽ 111 വിളിക്കണം.

1. കൊറോണ വൈറസിൻ്റെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും വുഹാൻ അല്ലെങ്കിൽ ചൈനയിലെ ഹുബെ പ്രൊവിൻസിലേയ്ക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ

2. ചൈനയുടെ മറ്റു ഭാഗങ്ങളിലേയ്ക്കോ, മക്കാവൂ, ഹോങ്കോങ്ങ് എന്നിടങ്ങളിലേയ്ക്കോ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ യാത്ര ചെയ്യുകയും ചുമ, കടുത്ത പനി, ശ്വാസമെടുക്കാനുള്ള തടസം എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ

3. തായ്ലാൻഡ്, ജപ്പാൻ, തായ്‌വാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ എന്നിടങ്ങളിലേയ്ക്കോ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ യാത്ര ചെയ്യുകയും ചുമ, കടുത്ത പനി, ശ്വാസമെടുക്കാനുള്ള തടസം എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ

4. കൊറോണ വൈറസ് രോഗിയുമായി അടുത്തിടപഴകിയിട്ടുണ്ടെങ്കിൽ

ഇങ്ങനെയുള്ളവർ ജി.പിയിലേയ്ക്കോ, ഹോസ്പിറ്റലിലേയ്ക്കോ പോകരുത്. വീടിനുള്ളിൽ തുടരുകയും മറ്റുള്ളവരോട് അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുകയും വേണം. 111 ൽ വിളിച്ച് യാത്രയുടെ വിവരങ്ങൾ നല്കുകയും രോഗലക്ഷണങ്ങൾ വിശദീകരിക്കുകയും ചെയ്യണം.

കൊറോണ വൈറസിന് സാധ്യത ഉള്ളവർ എങ്ങനെയാണ് ഐസൊലേറ്റ് ചെയ്യേണ്ടത് ?

ചൈനയടക്കം പ്രത്യേകം പരാമർശിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ സന്ദർശനം നടത്തിയവർ അതിനു ശേഷമുള്ള 14 ദിവസങ്ങളിൽ

1. വീടുകളിൽ കഴിയണം.
2. ജോലിക്കോ, സ്കൂളിലോ, പബ്ളിക് സ്ഥലങ്ങളിലോ പോകരുത്.
3. പബ്ളിക് ട്രാൻസ്പോർട്ടോ, ടാക്സിയോ ഉപയോഗിക്കരുത്
4. സുഹൃത്തുക്കളോടൊ, ബന്ധുക്കളോടെ ആവശ്യമായ വസ്തുക്കളും സേവനങ്ങളും ചെയ്തു തരാൻ അഭ്യർത്ഥിക്കുക.
5. ഫുഡ് അടക്കമുള്ള എത്തിക്കുന്നതൊഴിച്ച് വീട്ടിലേയ്ക്ക് സന്ദർശകരെ അനുവദിക്കരുത്.

Other News