കൊറോണ വൈറസിന്റെ റിസ്ക് മൂലം 60 വയസ്സിനു മുകളിലുള്ള ആളുകൾ തിരക്കേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് ലോകാരോഗ്യ സംഘടന
60 വയസിന് മേൽ പ്രായമുള്ള ആളുകൾക്ക് കോവിഡ് -19 കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലായതുകൊണ്ട്, വൈറസിന്റെ വ്യാപനം തടയാൻ ഈ പ്രായപരിധിയിലുള്ള ആളുകൾ തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യരുതെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു. 60 വയസ്സിന് മുകളിലുള്ളവരാണെങ്കിൽ, അല്ലെങ്കിൽ ഹൃദയ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അവസ്ഥ അല്ലെങ്കിൽ പ്രമേഹം പോലുള്ള അടിസ്ഥാന അവസ്ഥ ഉണ്ടെങ്കിൽ, കോവിഡ് -19 ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെളിപ്പെടുത്തി. ഇവർ തിരക്കേറിയ പ്രദേശങ്ങൾ അല്ലെങ്കിൽ അസുഖമുള്ള ആളുകളുമായി ഇടപെടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
ഇന്നലെ 12 പേർക്ക് കൂടി കോവിഡ് -19 പോസിറ്റീവ് ഫലം വന്ന ശേഷം യുകെയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 35 ആയി ഉയർന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടും ഈ ഘട്ടത്തിൽ ആളുകൾ അവരുടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകണം എന്നും 60 വയസ്സിനു മുകളിലുള്ളവർ പൊതുഗതാഗതം ഒഴിവാക്കേണ്ടതില്ലെന്നും യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കൊറോണയുടെ വ്യാപനം നിയന്ത്രണാതീതം ആയാൽ ശാസ്ത്രജ്ഞരുടെ ഉപദേശമനുസരിച്ച് തീരുമാനങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും ഹാൻകോക്ക് കൂട്ടിച്ചേർത്തു.