Thursday, 07 November 2024

കൊറോണ വാക്സിൻ ട്രയൽ ലണ്ടനിൽ തുടങ്ങുന്നു. വൈറസ് സ്വന്തം ശരീരത്തിൽ പരീക്ഷിക്കാൻ തയ്യാറുള്ളവർക്ക് നല്കുന്നത് 3,500 പൗണ്ട് പ്രതിഫലം.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള ഊർജിത ശ്രമങ്ങൾ തുടങ്ങി. ഇതിൻ്റെ ഭാഗമായുള്ള വാക്സിൻ ട്രയൽ ഉടൻ ആരംഭിക്കും. ലണ്ടനിലെ വൈറ്റ് ചാപ്പൽ ക്വീൻ മേരി ബയോ എൻ്റർപ്രൈസസ് സെൻ്ററാണ് വാക്സിനായി പരീക്ഷണങ്ങൾ നടത്തുന്നത്. കൊറോണ വൈറസ്, വോളണ്ടിയർമാരിൽ കുത്തിവച്ചാണ് റിസർച്ച് ചെയ്യുന്നത്. കൊറോണ ഇൻഫെക്ഷനേൽക്കാൻ തയ്യാറാകുന്നവർക്ക് 3,500 പൗണ്ട് പ്രതിഫലമായി നല്കും. ഇവരെ അതിനു ശേഷം റിസർച്ച് സെൻ്ററിൽ ക്വാരൻ്റിനിൽ താമസിപ്പിക്കും.

ഒരേ സമയം 24 വോളണ്ടിയേഴ്സിലാണ് വൈറസ് ഇൻജെക്ഷൻ നടത്തുന്നത്. OC23, 229E എന്നീ വൈറസ് സ്ട്രെയിനുകളാണ് കുത്തിവയ്ക്കുന്നത്. ഇവ മാരകമായ വൈറസുകളല്ല. ശ്വാസകോശത്തെ ഇത് ചെറിയ രീതിയിൽ മാത്രമേ ബാധിക്കുകയുള്ളൂ. എന്നാൽ ഈ പരീക്ഷണങ്ങളിൽ നിന്ന് പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കാൻ കഴിയും. ഇൻഫെക്ഷന് വിധേയമാകുന്നവർ രണ്ടാഴ്ച സെൻ്ററിൽ നിരീക്ഷണത്തിലായിരിക്കും. എക്സർസൈസ് ചെയ്യാനോ, മറ്റുള്ളവരുമായി അടുത്തിടപെടാനോ ഈ ഘട്ടത്തിൽ അനുവാദമില്ല. നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന ഫുഡും ഡ്രിങ്കും മാത്രമേ കഴിക്കാൻ പറ്റുകയുള്ളു. ഇവരോടൊപ്പമുള്ള ഡോക്ടർമാരും നഴ്സുമാരും വെൻ്റിലേറ്ററുകളും സുരക്ഷാ വസ്ത്രങ്ങളും ഉപയോഗിക്കും.

യുകെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ സമ്മതം ലഭിച്ചതിനു ശേഷമേ ട്രയൽ ആരംഭിക്കുകയുള്ളൂ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 20 ലേറെ കോവിഡ്- 19 പ്രതിരോധ വാക്സിനുകൾ വിവിധ പരീക്ഷണ ഘട്ടത്തിലുണ്ട്. ഇതിൽ ഏറ്റവും ഫലപ്രദമായവ കൊറോണ വൈറസ് രോഗികൾക്ക് പ്രതിരോധത്തിനായി ഉപയോഗിക്കും.
 

Other News