ആയിരക്കണക്കിന് ഫ്ളൈറ്റുകൾ ക്യാൻസൽ ചെയ്തു. ബ്രിട്ടണിൽ ഒരു കൊറോണ മരണം കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഹെൽത്ത് ഡിപ്പാർട്ട്മെൻറ്.
ഇറ്റലിയിൽ കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായ പശ്ചാത്തലത്തിൽ അവിടേയ്ക്കുള്ള ഫ്ളൈറ്റ് സർവീസുകൾ നിറുത്തി വയ്ക്കാൻ ബ്രിട്ടണിൽ നിന്നുള്ള മിക്ക എയർലൈനുകളും തീരുമാനിച്ചു. ഇറ്റലിയിലേയ്ക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഗവൺമെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവെയ്സ്, റയൻ എയർ, ഈസി ജെറ്റ് എന്നിവ ഏപ്രിൽ ആദ്യം വരെയുള്ള ഇറ്റലിയിലേയ്ക്കുള്ള മിക്കവാറും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ബ്രിട്ടണിൽ ഇന്ന് ഒരാൾ കൂടി കൊറോണ വൈറസ് മൂലം മരണമടഞ്ഞു. ഇൻഫെക്ഷൻ ബാധിച്ചവരുടെ എണ്ണം 373 ആയി ഉയർന്നിട്ടുണ്ട്. ഇന്ന് പുതിയതായി 54 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിൽ 324, സ്കോട്ട്ലൻഡിൽ 27, നോർത്തേൺ അയർലണ്ടിൽ 16, വെയിൽസിൽ 6 കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ടിലെ 91 ഇൻഫെക്ഷനുകൾ ലണ്ടൻ ഏരിയയിലാണ്. ബ്രിട്ടണിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി ഹെൽത്ത് ഡിപ്പാർട്ട്മെൻറ് നിരീക്ഷിച്ച് വരികയാണ്.
രാജ്യം ഇപ്പോഴും കണ്ടെയിൻമെൻറ് ഫേസിലാണെന്നും എന്നാൽ ഇതുകൊണ്ടു മാത്രം കൊറോണയെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ ഡിലേ ഫേസിലേയ്ക്ക് ബ്രിട്ടൺ പ്രവേശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഡിലേ ഫേസിൽ കൊറോണയുടെ പെട്ടെന്നുള്ള വ്യാപനം മന്ദഗതിയിലാക്കാനുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. വിൻ്റർ ക്രൈസിസിൽ പെട്ടിരിക്കുന്ന എൻഎച്ച്എസിന് സമ്മറിലേയ്ക്ക് കൊറോണയെ നേരിടാൻ കൂടുതൽ നല്കാനാണിത്.