Wednesday, 22 January 2025

കൊറോണ വൈറസിനെ ആഗോള പകർച്ചവ്യാധിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.

കൊറോണ വൈറസിനെ ആഗോള പകർച്ചവ്യാധിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. വൈറസ് ഇൻഫെക്ഷൻ അൻ്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപകമായതിനെ തുടർന്നാണിത്. എല്ലാ രാജ്യങ്ങളും വൈറസിനെ നേരിടാൻ അടിയന്തിര നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ചീഫ് ടെഡ്റോസ് അഡനം ഗെബ്രേഷ്യസ് നിർദ്ദേശിച്ചു. രോഗബാധ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത് നിയന്ത്രിക്കുന്ന കണ്ടെയ്ൻമെൻറ് ഫേസ് ഫലപ്രദമാകുന്നില്ലെന്നും അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കേണ്ട സമയമായെന്നുമുള്ള സൂചനയാണ് അദ്ദേഹം നല്കിയത്.

ജനങ്ങൾക്കാവശ്യമായ അവശ്യവസ്തുക്കൾ കൂടുതലായി സ്റ്റോക്ക് ചെയ്യണമെന്നും കൂടുതൽ രോഗികളെ ചികിത്സിക്കാൻ ഹോസ്പിറ്റലുകൾ സജ്ജമാക്കണമെന്നും സോഷ്യൽ ഡിസ്റ്റൻസിംഗ് പോളിസികൾ രാജ്യങ്ങൾ അനുവർത്തിക്കണമെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. 100 ലേറെ രാജ്യങ്ങളിൽ കോവിഡ്- 19 എത്തിക്കഴിഞ്ഞു. 112,000 ത്തോളം പേർക്ക് ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ട്. 4000 ലേറെപ്പേർ ഇതുവരെ മരണമടഞ്ഞു. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഇറ്റലിയിലും ഇറാനിലുമാണ് ഉണ്ടായത്. ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് 13 മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

Other News