Wednesday, 22 January 2025

ഫുഡ് ബാങ്കിലേയ്ക്കുള്ള സംഭാവനകൾ കുറയുന്നു. ജനങ്ങൾ അവശ്യ വസ്തുക്കൾ വാങ്ങിക്കൂട്ടുന്നു. യുകെയിലെ ഫുഡ് ബാങ്കുകളിൽ അവശ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യുകെയിലെ ഫുഡ് ബാങ്കുകളിൽ അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ വലിയ തോതിലുള്ള കുറവ്. സംഭാവനകൾ കുറഞ്ഞതും ജനങ്ങൾ അവശ്യ വസ്തുക്കൾ വാങ്ങിക്കൂട്ടുന്നതും ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന് ഇൻഡിപെൻഡന്റ് ഫുഡ് എയ്ഡ് നെറ്റ്‌വർക്ക് (ഐഫാൻ) അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് വിതച്ച ഭയം കാരണം ആളുകൾ ആഹാര സാധനങ്ങൾ സംഭരിക്കുന്നതിനാൽ ഫുഡ് ബാങ്കുകൾക്ക് അവശ്യമായ പാസ്ത, ധാന്യങ്ങൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ തീർന്നു തുടങ്ങി.

കൊറോണ ബാധിതരുടെ എണ്ണം 460 ആയി ഉയരുകയും, മരിച്ചവരുടെ എണ്ണം എട്ടാകുകയും ചെയ്തിട്ടുണ്ട്. വേണ്ടത്ര അളവിൽ അവശ്യ ഭക്ഷണം വാങ്ങുന്നതിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് വടക്കുപടിഞ്ഞാറൻ ലണ്ടനിലെ സുഫ്ര ഫുഡ് ബാങ്ക് ഡയറക്ടർ രാജേഷ് മക്വാന പറഞ്ഞു. ഭക്ഷണവും ടോയ്‌ലറ്ററികളും ലഭ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങൾ എന്നും മക്വാന കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സംഭാവനകളിൽ കുറവ് വരുമെന്ന് ഭക്ഷ്യ ബാങ്കുകൾ പ്രതീക്ഷിച്ചിരുന്നതായി ഐഫാൻ കോ-ഓർഡിനേറ്റർ സാബിൻ ഗുഡ്വിൻ പറഞ്ഞു. യുകെയിലുടനീളമുള്ള 200 ഓളം ഫുഡ് ബാങ്കുകൾ സംഘടനയിൽ ഉൾപ്പെടുന്നുണ്ട്.

സ്റ്റോക്ക്പൈലിംഗും ഹോർഡിംഗും യുകെയിൽ എത്ര ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള യഥാർത്ഥ ചിത്രമാണ് നൽകുന്നതെന്നും ഐഫാൻ അഭിപ്രായപ്പെട്ടു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതിനൊപ്പം ടോയ്‌ലെറ്റ് റോളുകളുടെ ലഭ്യതയും വൻ തോതിൽ കുറഞ്ഞു. നിർമ്മാണവും വിതരണവും സാധാരണ രീതിയിൽ തുടരുന്നുവെന്നും റീട്ടെയിൽ സ്റ്റോക്കുകൾ എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും കോൺഫെഡറേഷൻ ഓഫ് പേപ്പർ ഇൻഡസ്ട്രീസും (സിപിഐ) പേപ്പർ ഇൻഡസ്ട്രി ടെക്‌നിക്കൽ അസോസിയേഷനും (പിറ്റ) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

 

UK MALAYALI MATRIMONY..... TO FIND PERFECT PARTNERS

 

Other News