Thursday, 07 November 2024

രോഗബാധിതരായവരിൽ അഞ്ച് ആഴ്ച വരെ കൊറോണ വൈറസിന് ജീവിക്കാൻ കഴിയും. ശുപാർശ ചെയ്‌ത 14 ദിവസത്തെ ഐസലേഷൻ കാലയളവിന്റെ ഇരട്ടിയിലധികം.

കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ആദ്യം അസുഖം വന്നതിന് ശേഷം അഞ്ച് ആഴ്ച വരെ പകർച്ചവ്യാധിയുണ്ടാകാമെന്ന് പുതിയ പഠനങ്ങൾ കണ്ടെത്തി. ഇത് ശുപാർശചെയ്‌ത 14 ദിവസത്തെ ഐസലേഷൻ കാലയളവിന്റെ ഇരട്ടിയിലധിക സമയ ദൈർഘ്യമാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ രോഗികളിൽ നിന്ന് ശ്വാസകോശ സാമ്പിളുകൾ ശേഖരിച്ചു നടത്തിയ ഗവേഷണത്തിലാണ് വൈറസ് 37 ദിവസം വരെ ജീവിക്കുമെന്ന് ചൈനയിലെ ഗവേഷകർ കണ്ടെത്തിയത്.

ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, വുഹാനിലെ രണ്ട് ആശുപത്രികളിൽ നിന്നുള്ള 191 രോഗികളിൽ നടത്തിയ പഠനത്തെ ആസ്പദമാക്കിയുള്ളതാണ്. ഒരു രോഗിക്ക് പകർച്ചവ്യാധി നേരിട്ട ഏറ്റവും കുറഞ്ഞ സമയം എട്ട് ദിവസവും ഏറ്റവും ദൈർ‌ഘ്യമേറിയ സമയം 37 ദിവസവും ആയിരുന്നു.

രോഗബാധിതരുടെ ഐസലേഷൻ കാലയളവ് നിശ്ചയിക്കുന്നതിനും ആൻറിവൈറൽ ട്രീറ്റ്മെന്റിന്റെ ദൈർഘ്യത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും ഇത് സുപ്രധാനമായ വഴിത്തിരിവായി. യുഎസ് ഗവൺമെന്റും മറ്റ് ശാസ്ത്രജ്ഞരും നടത്തിയ പഠനത്തിൽ വൈറസിന് മൂന്ന് മണിക്കൂർ വായുവിൽ നിലനിൽക്കാനും മൂന്ന് ദിവസം വരെ ഉപരിതലത്തിൽ ജീവിക്കാനും കഴിയുമെന്ന് കണ്ടെത്തി. ഒരു ജർമ്മൻ പഠനത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ രോഗബാധിതർ വലിയ അളവിൽ വൈറസ് പരത്തിയതായി കണ്ടെത്തി. ക്ഷീണം, ചുമ പോലുള്ള ചെറിയ ലക്ഷണങ്ങൾ മാത്രം കാണിക്കുമ്പോഴും മറ്റുള്ളവരിലേക്ക് വൈറസ് പടരാൻ സാഹചര്യമുണ്ട്.

Other News