Thursday, 07 November 2024

കൊറോണയെ നേരിടാൻ അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തിര റിലീഫ് ഫണ്ടായി 50 ബില്യൺ ഡോളർ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനുവദിച്ചു.

കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തിര റിലീഫ് ഫണ്ടായി 50 ബില്യൺ ഡോളർ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനുവദിച്ചു. ഹെൽത്ത് കെയർ സിസ്റ്റത്തിൻ്റെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ടെസ്റ്റിംഗ് ത്വരിതപ്പെടുത്താനും അമേരിക്കൻ ഭരണകൂടം അടിയന്തിര നടപടികൾ ആരംഭിച്ചു. 1,700 ലേറെ കോവിഡ് 19 കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 40 പേർ ഇതുവരെ മരണമടഞ്ഞു. അമേരിക്കയുടെ പല സ്റ്റേറ്റുകളിലും സ്കൂളുകൾ അടയ്ക്കുകയും വലിയ ഇവൻറുകൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ കൊറോണയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വ്യക്തമാക്കി. ചൈന കഴിഞ്ഞാൽ യൂറോപ്പിലാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലെ മൊത്തം കേസുകളേക്കാൾ കൂടുതൽ മരണവും ഇൻഫെക്ഷനും ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിൽ ഫുട്ബോൾ ലീഗും ലോക്കൽ ഇലക്ഷനും കൊറോണ വ്യാപകമായതിൻ്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചു. ബ്രിട്ടണിൽ കൊറോണ കേസുകൾ 798 ആയി. 11 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട്. ലണ്ടൻ മാരത്തൺ മാറ്റിവച്ചു. സ്കോട്ട്ലണ്ടിൽ ഇന്ന് ആദ്യത്തെ കൊറോണ മരണം ഉണ്ടായി. ക്വീൻ നടത്താനിരുന്ന പൊതു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

കമ്മ്യൂണിറ്റി മൊബിലൈസേഷനും സോഷ്യൽ ഡിസ്റ്റൻസിംഗും അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊറോണ ബാധിത രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യൂറോപ്പിലെ രോഗ ബാധ വഷളാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇറ്റലിയിലേതിലും മോശമായ സ്ഥിതിയാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിൽ 120 മരണങ്ങൾ ഇതുവരെ ഉണ്ടായിട്ടുണ്ട്. ഇൻഫെക്ഷനുകളുടെ എണ്ണം 4,200 ലേയ്ക്ക് ഉയർന്നു. സ്പെയിനിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് രണ്ടാഴ്ചത്തെ അടിയന്തിരാവസ്ഥ ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചു.

Other News