ലണ്ടനിൽ നവജാത ശിശുവിനും കൊറോണ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ അടുത്ത വീക്കെൻഡ് മുതൽ വൻ ജന സാന്നിധ്യമുണ്ടാകാവുന്ന ഇവൻ്റുകൾ നിരോധിച്ചേക്കും.
ലണ്ടനിൽ ഒരു നവജാത ശിശുവിനും കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ രോഗിയാണ് നോർത്ത് മിഡിൽ സെക്സ് ഹോസ്പിറ്റലിൽ ജനിച്ച ഈ കുട്ടി. ഡെലിവറിയ്ക്ക് മുമ്പ് കുഞ്ഞിൻ്റെ അമ്മയെ ന്യൂമോണിയ മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിന് ജന്മം നല്കിയ ശേഷം അമ്മയ്ക്ക് കൊറോണയുണ്ടെന്ന് ടെസ്റ്റ് സ്ഥിരീകരിച്ചു. കുഞ്ഞിന് നടത്തിയ പരിശോധനയിലും കൊറോണ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി. അമ്മയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന് ഗർഭാവസ്ഥയിലാണോ അതോ ജനന സമയത്താണോ വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. അമ്മയും കുഞ്ഞുമായും സമ്പർക്കം പുലർത്തിയ സ്റ്റാഫിനോട് ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ബ്രിട്ടണിൽ അടുത്ത വീക്കെൻഡ് മുതൽ വൻ ജന സാന്നിധ്യമുണ്ടാകാവുന്ന ഇവൻ്റുകൾ നിരോധിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കൊറോണ രോഗികളുടെ എണ്ണം 800 അടുത്തതും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിൽ ഗവൺമെൻ്റ് വിമർശനം നേരിടുന്നതും ഇതിന് കാരണമായിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിനുള്ള അടിയന്തിര നിയമനിർമ്മാണം അടുത്തയാഴ്ച പാർലമെൻറിൽ നടക്കും. ഗ്ലാസ്റ്റൺബറി ഫെസ്റ്റിവൽ, ചെൽസി ഫ്ളവർ ഷോ, വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ്, റോയൽ ആസ്കോട്ട് ഗ്രാൻഡ് നാഷണൽ എന്നിവ നിരോധനം നടപ്പാക്കിയാൽ മാറ്റി വയ്ക്കേണ്ടി വരും.