Monday, 23 December 2024

കേരളത്തെയും മലയാളത്തെയും സ്നേഹിക്കുന്ന യുകെയിലെ മലയാളി കുട്ടികൾ... അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഗ്ലോബൽ ന്യൂസ് പ്രീമിയറും സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻറ്സും സംയുക്തമായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾ ഇവർ. കുട്ടികൾ വരച്ച ചിത്രങ്ങളും കാണാം.

കേരളവും മലയാള ഭാഷയും എന്നും പ്രവാസികളുടെ രണ്ടാം തലമുറയ്ക്ക് ഒരു കൗതുകം തന്നെയാണ്. പച്ചപ്പു നിറഞ്ഞ കേരളത്തിലേയ്ക്ക് പറന്നിറങ്ങി ഏതാനും ദിനങ്ങൾ മാത്രം അവിടെ ചിലവഴിച്ച് തിരിച്ച് മാതാപിതാക്കൾക്കൊപ്പം മടങ്ങുന്ന കുട്ടികൾക്ക് ആ യാത്ര ഒരു അനുഭവവുമാണ്. വ്യത്യസ്തമായ ജീവിത ശൈലിയും മനോഹരമായ ഗ്രാമഭംഗിയും അവരുടെ മനസിനുള്ളിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുന്നു. മലയാള ഭാഷ കുറച്ചൊക്കെ സംസാരിക്കുന്നവരും സംസാരിക്കാൻ കഴിയുകയില്ലെങ്കിലും കേട്ടാൽ മനസിലാക്കാൻ കഴിയുന്നവരുമായ നിരവധി കുട്ടികൾ യുകെയിലുണ്ട്. എന്നാൽ മലയാളം എഴുതാനും വായിക്കാനും സംവദിക്കാനും സാധിക്കുന്ന കുട്ടികളും നമ്മുടെ സമൂഹത്തിലുണ്ട്.

മലയാളഭാഷയും കേരളവുമായുള്ള കുട്ടികളുടെ അടുപ്പവും അതുണ്ടാക്കുന്ന ജിജ്ഞാസയും ക്യാൻവാസിൽ പകർത്താനുള്ള ഒരവസരമാണ് ഗ്ലോബൽ ന്യൂസ് പ്രീമിയറും സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻറ്സും ഫെബ്രുവരി 21 ലെ അന്താരാഷ്ട്ര മാതൃഭാഷാ ദിനമാത്തോടനുബന്ധിച്ച് ഒരുക്കിയത്. 'അതിരുകളില്ലാത്ത ഭാഷകൾ' എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണത്തിൻ്റെ പ്രമേയമായി യുനെസ്കോ തെരഞ്ഞെടുത്തത്. ലോകത്തിലെ വൈവിധ്യമാർന്ന വിവിധ ഭാഷകളുടെ സംരക്ഷണവും അവ ഉപയോഗിക്കുന്ന സംസ്കാരങ്ങളുടെ വളർച്ചയും മുൻനിറുത്തിയാണ് ദിനാചരണം നടത്തുന്നത്. മാതൃഭാഷാ സംരക്ഷണത്തിനായി ബംഗ്ളാദേശിൽ നടന്ന ജനകീയ മുന്നേറ്റത്തിന് അന്താരാഷ്ട്ര സമൂഹം നല്കിയ അംഗീകാരമായിട്ടാണ് 2000 മുതൽ ദിനാചരണം ആരംഭിച്ചത്.

വായനക്കാരുടെ അഭൂതപൂർവ്വമായ പിന്തുണയോടെ പ്രസിദ്ധീകരണത്തിൻ്റെ നൂറ് ദിനങ്ങൾ പൂർത്തിയാക്കാനൊരുങ്ങുന്ന ഗ്ലോബൽ ന്യൂസ് പ്രീമിയറും സേവ്യേഴ്സ് ചാർട്ടേർഡ് അക്കൗണ്ടൻറ്സും സംയുക്തമായി 'നമ്മുടെ മലയാളം' ചിത്രരചനാ മത്സരത്തിൽ യുകെയിൽ ജിസിഎസ്ഇ തലത്തിൽ വരെ പഠിക്കുന്ന കുട്ടികളാണ് പങ്കെടുത്തത്. കേരളത്തിൻ്റെ പ്രകൃതി ഭംഗിയും ഗ്രാമങ്ങളും ഓണവും കെട്ടുവള്ളങ്ങളും കേര നിരകളും കുട്ടികൾ ക്യാൻവാസിൽ പകർത്തി. മികച്ച എൻട്രികൾ അയച്ച കുട്ടികൾ 1. സാഗർ സോമനാഥൻ, ഹൾ 2. ഡാനി ജിനോ സെബാസ്റ്റ്യൻ, നനീട്ടൺ 3. ആൽവിൻ ജോസഫ്, ഹൾ 4. അൽഫോൻസ് തിട്ടാല, കേംബ്രിഡ്ജ് 5. ജിയാ സാറാ സൈമൺ, മാഞ്ചസ്റ്റർ 6. ജാക്വിലിൻ ജോമി, ബോൾട്ടൺ 7. ജുവിൻ മരിയ ജൂലിയസ്, ബേൺലി 8. ഇവാ മരിയ കുര്യാക്കോസ്, ഹൾ 9. അന്നാ തിട്ടാല, കേംബ്രിഡ്ജ് 10. വീണാ സോമനാഥൻ, ഹൾ 11. റോസാ ഷിബു, കീത്തലി 12. റിയാ റിതേഷ്, ഹൾ 13. നൈനാ റിതേഷ്, ഹൾ 14. മരിയ രാജു, ഹൾ 15. ഓസ്കാർ ഷിജോ, സട്ടൺ കോൾഡ് ഫീൽഡ് 16. ഹാനാ മരിയ ജൂലിയസ്, ബേൺലി. ഇവർക്ക് സേവ്യേഴ്സ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ് മാഞ്ചസ്റ്റർ നല്കുന്ന സമ്മാനങ്ങൾ ലഭിക്കും.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS



മലയാള ഭാഷയ്ക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് ഗ്ലോബൽ ന്യൂസ് പ്രീമിയർ ഈ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. ഈ സംരംഭത്തിൽ പങ്കാളികളാവുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് 'നമ്മുടെ മലയാളം' ചിത്രരചനാ മത്സരത്തിന്റെ സ്പോൺസർ ആയ സേവ്യേഴ്സ് സർട്ടിഫൈഡ് ചാർട്ടേർഡ് അക്കൗണ്ടൻറ്സ് ആൻഡ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സിന്റെ ഡയറക്ടറും ചാർട്ടേർഡ് അക്കൗണ്ടന്റുമായ മിജോസ് വി സേവ്യർ പറഞ്ഞു.

മലയാള ഭാഷയും കേരളവും എന്നതാണ് 'നമ്മുടെ മലയാളം' ചിത്രരചനാ മത്സരത്തിന്റെ വിഷയമായി നല്കിയിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട എൻട്രികൾക്ക് സമ്മാനങ്ങൾ പോസ്റ്റലിൽ ലഭിക്കുന്നതാണ്. ഈ സംരംഭത്തിൽ ഭാഗഭാക്കുകളായ എല്ലാ കുട്ടികൾക്കും അവരെ അതിനായി പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും ഗ്ലോബൽ ന്യൂസ് പ്രീമിയറിൻ്റെ അഭിനന്ദനങ്ങൾ.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News