Monday, 23 December 2024

കൊറോണ വൈറസ്: മരണ നിരക്കും ഇൻഫെക്ഷനും കൂടുന്നതിനാൽ സൈന്യത്തിൻ്റെ സേവനം തേടുമെന്ന് ഗവൺമെൻറ്

യുകെയിൽ കൊറോണ മരണ സംഖ്യ 37 ൽ എത്തിയതിനെ തുടർന്ന് ആശുപത്രികളും സൂപ്പർമാർക്കറ്റുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഭക്ഷ്യ വിതരണ സംഘങ്ങൾക്ക്‌ അകമ്പടി പോകാനും കെയർ ഹോമുകൾക്ക് സമീപം കൂടാരമടിച്ചുള്ള ഫീൽഡ് വർക്കിനും ഇനി സൈന്യവുമിറങ്ങും. മരണ സംഖ്യ ക്രമാതീതമായി ഉയർന്നതോടെ സൈന്യത്തിന്റെ സഹായം തേടാൻ മന്ത്രിമാർ കൂടിയാലോചന നടത്തി.

പൊതുപരിപാടികൾ നിരോധിക്കാനും, കുടുംബത്തിലെ ഒരംഗത്തിന് രോഗബാധ സ്ഥിരീകരിച്ചാൽ ആ കുടുംബം മുഴുവനും ഹോം ഐസലേഷനിൽ കഴിയാനും ഡൗണിങ് സ്ട്രീറ്റ് നിർദ്ദേശിച്ചു. കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ 70 വയസ്സിൽ താഴെയുള്ളവർക്ക് കർശനമായ ക്വാറന്റെയിൻ ഗവൺമെന്റ് ഉടൻ തന്നെ ഏർപ്പെടുത്തിയേക്കും.

ആശുപത്രികളുടെയും സൂപ്പർമാർക്കറ്റുകളുടെയും കാവൽ ഉൾപ്പെടെ പബ്ലിക് ഓർഡർ റോളുകൾക്കായി ആർമി യൂണിറ്റുകൾ പരിശീലനം തുടങ്ങുകയാണെന്ന് ഡിഫൻസ് വൃത്തങ്ങൾ ഞായറാഴ്ച അറിയിച്ചു.

റോയൽ ലോജിസ്റ്റിക് കോർപ്സ് ഭക്ഷ്യ സംഘങ്ങൾക്ക്‌ അകമ്പടി പോകാനും, കെയർ ഹോമുകൾക്ക് അടുത്തായി കൂടാരമടിച്ച് ഫീൽഡ് ആശുപത്രികൾ നിർമ്മിക്കാൻ റോയൽ ആർമി മെഡിക്കൽ കോർപ്സും ഒരുങ്ങുന്നുണ്ട്. രാജ്യത്ത് വൈറസ് ബാധ കൂടുതൽ രൂക്ഷമായാൽ പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധന ക്ഷാമം പരിഹരിക്കാനുള്ള പദ്ധതികളും സേന തയ്യാറാക്കിയിട്ടുണ്ട്.

 

Other News