എൻഎച്ച്എസിലെ നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമെങ്കിൽ നിലവിലെ ജോലിയിൽ നിന്ന് മാറ്റി മറ്റു ഡിപ്പാർട്ട്മെൻ്റുകളിലേയ്ക്ക് താത്കാലികമായി നിയമിക്കും. കോവിഡ് -19 നെ നേരിടാൻ സ്റ്റാഫിൻ്റെ സഹകരണമഭ്യർത്ഥിച്ച് ചീഫ് നഴ്സിംഗ് ഓഫീസറും എൻഎംസിയും.
കൊറോണ ക്രൈസിസിൻ്റെ പശ്ചാത്തലത്തിൽ എൻഎച്ച്എസിലെ നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമെങ്കിൽ നിലവിലെ ജോലിയിൽ നിന്ന് മാറ്റി മറ്റു ഡിപ്പാർട്ട്മെൻ്റുകളിലേയ്ക്ക് താത്കാലികമായി നിയമിക്കും. നഴ്സുമാർക്കൊപ്പം മിഡ് വൈഫുമാർക്കും നഴ്സിംഗ് അസോസിയേറ്റ്സിനും ഇത് ബാധകമാണ്. കോവിഡ് -19 നെ നേരിടാൻ സ്റ്റാഫിൻ്റെ സഹകരണമഭ്യർത്ഥിച്ച് ചീഫ് നഴ്സിംഗ് ഓഫീസറും എൻഎംസിയും സംയുക്തമായാണ് സർക്കുലർ ഇറക്കിയിട്ടുള്ളത്. ആതുരസേവന മേഖലയിൽ നഴ്സിംഗ് സ്റ്റാഫുകൾ ചെയ്യുന്ന സേവനത്തിനും അകമഴിഞ്ഞ സഹകരണത്തിനും നന്ദിയറിക്കുന്ന സർക്കുലറിൽ, നിയമിക്കപ്പെടുന്ന ഒട്ടും പരിചിതമല്ലാത്ത പുതിയ റോളുകളിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും സമ്മർദ്ദവും മനസിലാക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്.
തികച്ചും അപ്രതീക്ഷിതമായ ഈ പ്രതിസന്ധി ഘട്ടത്തിൽ ആതുരശുശ്രൂഷയുടെ മൂല്യങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് എൻഎംസിയുടെ ഗൈഡ് ലൈനുകൾക്കനുസരിച്ച് രജിസ്റ്റേർഡ് പ്രഫഷണലുകൾ അവസരത്തിനൊത്തുയർന്ന് പ്രവർത്തിക്കണമെന്ന് സർക്കുലറിൽ അഭ്യർത്ഥിക്കുന്നു. ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യത്തിൽ ജോലി ചെയ്യുവാനുള്ള എല്ലാ പിന്തുണയും എൻഎച്ച്എസ് നല്കുമെന്ന് ഇതിൽ വ്യക്തമാക്കുന്നു.
റിട്ടയർ ചെയ്ത സ്റ്റാഫിനെ തിരികെക്കൊണ്ടു വരാനും എൻഎച്ച്എസ് പദ്ധതിയിടുന്നുണ്ട്. ഇതു കൂടാതെ ഫൈനൽ ഇയർ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി സ്റ്റുഡൻറ്സിനെ ക്ലിനിക്കൽ ഡിപ്പാർട്ടുമെൻറുകളിൽ സേവനത്തിനായി വരും മാസങ്ങളിൽ നിയോഗിക്കും. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ ചീഫ് നഴ്സിംഗ് ഓഫീസർമാരും റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ സിഇഒ, എൻഎംസി യുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ് രജിസ്ട്രാർ എന്നിവരും സർക്കുലറിൽ ഒപ്പുവച്ചിട്ടുണ്ട്.
UK MALAYALI MATRIMONY.... FOR FINDING PERFECT PARTNERS