Monday, 23 December 2024

കൊറോണ വൈറസ് ടെസ്റ്റിംഗ് ഒരു ദിവസം 25,000 ആക്കുമെന്ന് ബോറിസ് ജോൺസൺ. ഹെൽത്ത് വർക്കേഴ്സിന് ടെസ്റ്റ് ചെയ്യാൻ സാഹചര്യമൊരുക്കും.

യുകെയിലെ കൊറോണ മരണങ്ങളും ഇൻഫെക്ഷനുകളും അനുദിനം വർദ്ധിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താൻ സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ദിനം പ്രതി 25,000 ടെസ്റ്റുകൾ നടത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇപ്പോൾ ദിവസവും 4,000 ടെസ്റ്റുകളാണ് നടക്കുന്നത്. കൊറോണ രോഗികളെ പരിചരിക്കുന്ന ഫ്രണ്ട് ലൈൻ സ്റ്റാഫിന് പരിശോധനാ സൗകര്യം ഒരുക്കുമെന്നും ബോറിസ് അറിയിച്ചു.

സോഷ്യൽ ഡിസ്റ്റൻസിംഗ് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോടൊപ്പം കൂടുതൽ കൊറോണ ടെസ്റ്റുകളും നടത്തണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ കൊറോണ പോസിറ്റീവായ രോഗികളെ കണ്ടെത്തുകയും അവരുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കുകയും ചെയ്തില്ലെങ്കിൽ നിയന്ത്രണങ്ങൾ എടുത്തു മാറ്റുമ്പോൾ ഇൻഫെക്ഷനുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കൊറോണ വൈറസിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി യുകെയിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേയ്ക്ക് അടയ്ക്കുവാൻ ഗവൺമെൻറ് ഇന്നലെ തീരുമാനിച്ചു. മെയ്, ജൂൺ മാസങ്ങളിലെ ജി.സി.എസ്.ഇ, എ-ലെവൽ എക്സാമിനേഷനുകൾ മാറ്റിവച്ചു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ സ്കൂളുകൾ അടയ്ക്കുവാൻ തീരുമാനിച്ചതിൻ്റെ പിന്നാലെയാണ് ബോറിസ് ജോൺസൺ പുതിയ നിയന്ത്രണങ്ങൾ ലൈവ് ന്യൂസ് ബ്രീഫിംഗിൽ അറിയിച്ചത്.

അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നാണ് അറിയുന്നത്. എൻഎച്ച്എസ്, പോലീസ് ഉൾപ്പെടെയുള്ള മേഖലകളിലുള്ളവർക്ക് തങ്ങളുടെ ജോലി തുടരുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണിത്. കൊറോണ മൂലമുള്ള മരണം 104 ലേയ്ക്ക് ഉയർന്നു. ഇൻഫെക്ഷൻ കേസുകൾ 2,626 ആയിട്ടുണ്ട്.
 

Other News