പ്രൈവറ്റ് സെക്ടർ ഹോസ്പിറ്റലുകളുടെ പൂർണ നിയന്ത്രണം എൻഎച്ച്എസ് ഏറ്റെടുക്കുന്നു. 20,000 സ്റ്റാഫ്, 8,000 ബെഡ് അടക്കം 1,200 വെൻറിലേറ്ററുകളും കൊറോണയെ പ്രതിരോധിക്കാൻ സജ്ജമാക്കുന്നു.
കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ സൗകര്യമൊക്കുന്നതിനായി പ്രൈവറ്റ് സെക്ടർ ഹോസ്പിറ്റലുകളുടെ പൂർണ നിയന്ത്രണം എൻഎച്ച്എസ് ഏറ്റെടുക്കുന്നു. ഇതനുസരിച്ച് അധികമായി 20,000 സ്റ്റാഫ്, 8,000 ബെഡ്, 1,200 വെൻറിലേറ്ററുകൾ എന്നിവ ഇതിലൂടെ എൻഎച്ച്എസിന് ലഭ്യമാകും. ലണ്ടൻ ഏരിയയിൽ മാത്രം 2,000 ഹോസ്പിറ്റൽ ബെഡ്, 250 ലേറെ ഓപ്പറേഷൻ തീയറ്ററുകളും ക്രിട്ടിക്കൽ ബെഡ് എന്നിവയും ഇതിലൂടെ സജ്ജമാക്കാൻ കഴിയും. പുതിയതായി ലഭിക്കുന്ന സ്റ്റാഫിൽ 10,000 നഴ്സുമാർ, 700 ഓളം ഡോക്ടർമാർ, 8,000 ക്ലിനിക്കൽ സ്റ്റാഫ് എന്നിവർ ഉൾപ്പെടും.
കൊറോണ രോഗികളുടെ എണ്ണം ഓരോ ദിനവും യുകെയിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രൈവറ്റ് ഹോസ്പിറ്റലുകളുമായി അടിയന്തിര ധാരണയിൽ എൻഎച്ച് എസ് എത്തിയത്. അടുത്ത 14 ആഴ്ചകളിലേക്ക് എൻഎച്ച്എസ് ഇംഗ്ലണ്ടിനെ പിന്തുണയ്ക്കാനുള്ള ഡീലിലാണ് സ്പയർ ഹെൽത്ത് കെയർ ഒപ്പുവച്ചിരിക്കുന്നത്. സ്പയറിന് 35 ഹോസ്പിറ്റലുകളാണ് ബ്രിട്ടണിൽ ഉള്ളത്. തങ്ങളുടെ ഹോസ്പിറ്റലുകളെയും സ്റ്റാഫിനെയും എൻഎച്ച്എസിന് കൈമാറാനായി ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കാനാണ് സ്പയർ ശ്രമിക്കുന്നത്. മാർച്ച് 30 മുതൽ ഈ ഹോസ്പിറ്റലുകളെല്ലാം എൻഎച്ച്എസ് നിയന്ത്രണത്തിലാവും. യുകെയിലെ കൊറോണ മരണങ്ങൾ 233 ലേയ്ക്ക് ഇന്ന് ഉയർന്നു. ഇൻഫെക്ഷനുകൾ 5,000 കടന്നിട്ടുണ്ട്.