Wednesday, 22 January 2025

ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അർപ്പിച്ച്കൊണ്ട് ജ്വാല ഇ-മാഗസിൻ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു

സജീഷ് ടോം 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി മലയാളി വായനക്കാർക്ക് അഭിമാനമായി തുടർച്ചയായി 60 ലക്കം പ്രസിദ്ധീകരിച്ച്   ഇതിനകം ചരിത്രം സൃഷ്ടിച്ച ജ്വാല ഇ-മാഗസിൻ വായനക്കാരുടെ പ്രിയ പ്രസിദ്ധീകരണങ്ങളിൽ ഒന്നായി വളർന്നു കഴിഞ്ഞു. 

മലയാളത്തിന്റെ പ്രിയ കവിയും തികഞ്ഞ ഭാഷാ സ്നേഹിയുമായ അന്തരിച്ച ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അർപ്പിച്ച് എഴുതിയ എഡിറ്റോറിയലിൽ അദ്ദേഹം മലയാള ഭാഷക്ക് നൽകിയ സംഭാവനകളെ സ്മരിക്കുന്നു . "കവി, അധ്യാപകൻ, രാഷ്ട്രീയക്കാരൻ, ഭാഷാ ഗവേഷകൻ, പരിഭാഷകൻ, വാഗ്മി തുടങ്ങി നിരവധി മേഖലകളിൽ കനപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഡോ. പുതുശേരി രാമചന്ദ്രൻ. അടിസ്ഥാനപരമായി കവിയായ അദ്ദേഹം 1940 കളിൽ ഇടത് ചിന്താധാരയോടൊപ്പം മലയാള കവിതരംഗത്ത് കടന്ന് വന്നു ചലനം സൃഷ്ടിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി ദേശാഭിമാന കവിതകൾ എഴുതി. മണ്ണിനോടും മനുഷ്യനോടുമുള്ള അതിരുകളില്ലാത്ത സ്നേഹമായിരുന്നു പുതുശേരികവിതയുടെ കരുത്ത്";  ചീഫ് എഡിറ്റർ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. "പുതിയ കൊല്ലനും പുതിയൊരാലയും"  ഡോ. പുതുശേരി രാമചന്ദ്രന്റെ പ്രസിദ്ധ രചനയാണ്.

വീണ്ടും വേറിട്ട ഒരു അനുഭവം മനോഹരമായ ശൈലിയിൽ വിവരിക്കുന്നു ജോർജ്ജ് അറങ്ങാശ്ശേരി സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന തന്റെ പംക്തിയിൽ. കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയൻ ഡോ. എം വി വിഷ്ണുനമ്പൂതിരിയെ ഓർമ്മിച്ചു  ആർ. ഗോപാലകൃഷ്‌ണൻ എഴുതിയ ഓർമ്മ, തനിക്കെതിരെ പ്രചരിക്കുന്ന പുരസ്‌കാര വിവാദത്തിൽ കവി പ്രഭാവർമ്മ പ്രതികരിക്കുന്ന അഭിമുഖം, രവിമേനോന്റെ പാട്ടുവന്ന വഴി എന്ന പംക്തി എന്നിവ മാർച്ച് ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഫ്രാൻസിസ് നെറോണ  "കാതുസൂത്രം" എന്ന തന്റെ പുതിയ കൃതിയുടെ രചനയുടെ ചാലക ശക്തി എന്തായിരുന്നു എന്ന് വിശദമാക്കുന്ന ലേഖനവും വായനക്കാരിൽ താല്പര്യം ഉണർത്തും എന്നതിൽ സംശയമില്ല.   

ദിപു ശശി രചിച്ച എത്രമേൽ, അനിലൻ കൈപ്പുഴയുടെ ഉണങ്ങിയമരം, നവീന പുതിയോട്ടിലിന്റെ  ഉശിരത്തി,  വിഷ്ണു പകൽക്കുറിയുടെ പാതിരാ നേരത്ത്, എം ഒ രഘുനാഥിന്റെ തിരസ്കൃത കൃതികൾ എന്നീ കവിതകളും അനീഷ് ഫ്രാൻസിസ് എഴുതിയ മൂന്നു സ്വപ്നങ്ങള്‍, ജയരാജ് പരപ്പനങ്ങാടിയുടെ ഗജഹൃദയം, തോമസ് കെയാലിന്റെ പൈസക്കള്ളൻ എന്നീ കഥകളും ചിത്രകാരൻ  സി ജെ റോയിയുടെ വളരെ ശ്രദ്ധേയമായ "വിദേശവിചാരം" കാർട്ടൂൺ പംക്തിയും അടങ്ങിയ മാർച്ച് ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക. 

ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം

 

 

Other News