വിദേശങ്ങളിലുള്ള പൗരന്മാരോട് മടങ്ങി വരാൻ ബ്രിട്ടൻ്റെ നിർദ്ദേശം. അന്താരാഷ്ട്ര ഫ്ളൈറ്റുകൾ നിർത്തിവയ്ക്കാൻ സാധ്യത.
വിദേശങ്ങളിൽ ഹോളിഡേയിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് മടങ്ങി വരാൻ ഗവൺമെൻ്റ് നിർദ്ദേശിച്ചു. അന്താരാഷ്ട്ര ഫ്ളൈറ്റുകൾ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലേയ്ക്ക് യുകെ നീങ്ങുന്നുവെന്നാണ് സൂചന. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടായേക്കും. ഏകദേശം ഒരു മില്യണോളം ബ്രിട്ടീഷ് പൗരന്മാർ അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ട്രിപ്പുകൾക്കുമായി വിദേശ രാജ്യങ്ങളിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
കൊമേഴ്സ്യൽ ഫ്ളൈറ്റുകൾ ലഭ്യമായ സമയത്ത് ഉചിതമായ തീരുമാനം വിദേശത്തുള്ള ബ്രിട്ടീഷ് പൗരന്മാർ എടുക്കണമെന്ന് ഫോറിൻ സെക്രട്ടറി ഡൊമനിക് റാബ് അഭ്യർത്ഥിച്ചു. അസിസ്റ്റഡ് റിട്ടേൺ സാധ്യമായെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിദേശ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എയർപോർട്ടുകളിലേയ്ക്ക് ഉള്ള യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.