Monday, 23 December 2024

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ്റെ വീഥികൾ വിജനമായി. റോഡുകളിൽ പോലീസ് വാഹനങ്ങളും എമർജൻസി സർവീസുകളും മാത്രം. കരുതലോടെ ബ്രീട്ടീഷ് ജനത.

കൊറോണ വൈറസിനെ നേരിടാൻ ബ്രിട്ടൺ പൂർണമായി ലോക്ക് ഡൗൺ ചെയ്തു. ബ്രിട്ടീഷ് ജനതയെ സംരക്ഷിക്കാനുള്ള കടുത്ത നടപടി ഇന്നലെ രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. സോഷ്യൽ ഡിസ്റ്റൻസിംഗും ക്വാരൻറിനും സെൽഫ് ഐസൊലേഷനും നേരത്തെ ഏർപ്പെടുത്തിയിരുന്നെങ്കിലും ദിവസേന മരണ നിരക്കും ഇൻഫെക്ഷനുകളും കൂടിയതിനാൽ ബ്രിട്ടൺ നാഷണൽ എമർജൻസി ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒരു പ്രധാനമന്ത്രിയും നടപ്പാക്കാനാഗ്രഹിക്കാത്ത കാര്യങ്ങളാണ് തനിക്ക് നിർദ്ദേശിക്കേണ്ടി വന്നിരിക്കുന്നതെന്ന് ബോറിസ് പറഞ്ഞു. ഇതല്ലാതെ വേറെ വഴികളില്ലെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു

ബോറിസിൻ്റെ പ്രഖ്യാപനത്തെത്തുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ്റെ വീഥികൾ പൂർണമായും വിജനമായി. റോഡുകളിൽ എങ്ങും പോലീസ് വാഹനങ്ങളും എമർജൻസി സർവീസുകളും മാത്രമാണ് ദൃശ്യമാകുന്നത്. കൊറോണയെന്ന മാരക വിപത്തിനെ നേരിടാൻ കരുതലോടെ ബ്രീട്ടീഷ് ജനത തയ്യാറെടുക്കുകയാണ്. ഇന്നലെ വരെ 335 മരണമാണ് ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇൻഫെക്ഷനുകൾ6650 ലേയ്ക്ക് ഉയർന്നു. ബ്രിട്ടണിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ അടഞ്ഞു കിടക്കുകയാണ്. അവശ്യ സർവീസുകളിൽ ജോലിയുള്ളവരുടെ കുട്ടികൾക്കായി സ്കൂളുകൾ കുറഞ്ഞ കപ്പാസിറ്റിയിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

നാഷണൽ എമർജൻസി പ്രഖ്യാപിച്ചതോട് ലണ്ടൻ നഗരമടക്കം എല്ലാ സിറ്റികളും ടൗണുകളും നിശബ്ദമായി. മോട്ടോർവേകളിൽ വാഹനങ്ങൾ പരിമിതമായി ഓടുന്നുണ്ട്. ഒരിക്കൽ പോലും ആളൊഴിയാത്ത ഷോപ്പിംഗ് സെൻ്ററുകളിൽ ഇപ്പോൾ കാലൊച്ചകളില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് അതിനായി യാത്ര ചെയ്യാൻ അനുവാദമുണ്ട്. ഫുഡ് ഷോപ്പിംഗിനും മെഡിക്കൽ ആവശ്യത്തിനും പുറത്തിറങ്ങാം. പ്രായാധിക്യമോ പ്രത്യേക കെയറോ ആവശ്യമുള്ളവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു നല്കാം.

ലൈബ്രറികൾ, പ്ളേ ഗ്രൗണ്ടുകൾ, ഔട്ട് ഡോർ ജിം, മതപരമായ സ്ഥലങ്ങൾ എന്നിവ അടച്ചു. അത്യാവശ്യ സാധനങ്ങൾ വില്ക്കുന്ന ഷോപ്പുകൾ ഒഴികെയുള്ളവ തുറക്കാൻ അനുവാദമില്ല. നിയന്ത്രണങ്ങൾ ഇടയ്ക്ക് പുന:പരിശോധിക്കുന്നതാണ്. മൂന്നാഴ്ച്ചത്തേയ്ക്കാണ് നിലവിലെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവ ലംഘിച്ചാൽ പോലീസ് നടപടിയുണ്ടാകും. ഫൈനുകൾ അടക്കമുള്ള ശിക്ഷ ലഭിക്കും.

കൊറോണയെ പ്രതിരോധിക്കാൻ കൂടുതൽ സൗകര്യമൊക്കുന്നതിനായി പ്രൈവറ്റ് സെക്ടർ ഹോസ്പിറ്റലുകളുടെ പൂർണ നിയന്ത്രണം എൻഎച്ച്എസ് ഏറ്റെടുക്കുവാനും തീരുമാനമായിട്ടുണ്ട്. ഇതനുസരിച്ച് അധികമായി 20,000 സ്റ്റാഫ്, 8,000 ബെഡ്, 1,200 വെൻറിലേറ്ററുകൾ എന്നിവ ഇതിലൂടെ എൻഎച്ച്എസിന് ലഭ്യമാകും. ലണ്ടൻ ഏരിയയിൽ മാത്രം 2,000 ഹോസ്പിറ്റൽ ബെഡ്, 250 ലേറെ ഓപ്പറേഷൻ തീയറ്ററുകളും ക്രിട്ടിക്കൽ ബെഡ് എന്നിവയും ഇതിലൂടെ സജ്ജമാക്കാൻ കഴിയും. പുതിയതായി ലഭിക്കുന്ന സ്റ്റാഫിൽ 10,000 നഴ്സുമാർ, 700 ഓളം ഡോക്ടർമാർ, 8,000 ക്ലിനിക്കൽ സ്റ്റാഫ് എന്നിവർ ഉൾപ്പെടും.

കൊറോണ രോഗികളുടെ എണ്ണം ഓരോ ദിനവും യുകെയിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രൈവറ്റ് ഹോസ്പിറ്റലുകളുമായി അടിയന്തിര ധാരണയിൽ എൻഎച്ച് എസ് എത്തിയത്. അടുത്ത 14 ആഴ്ചകളിലേക്ക് എൻഎച്ച്എസ് ഇംഗ്ലണ്ടിനെ പിന്തുണയ്ക്കാനുള്ള ഡീലിലാണ് സ്പയർ ഹെൽത്ത് കെയർ ഒപ്പുവച്ചിരിക്കുന്നത്. സ്പയറിന് 35 ഹോസ്പിറ്റലുകളാണ് ബ്രിട്ടണിൽ ഉള്ളത്. തങ്ങളുടെ ഹോസ്പിറ്റലുകളെയും സ്റ്റാഫിനെയും എൻഎച്ച്എസിന് കൈമാറാനായി ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കാനാണ് സ്പയർ ശ്രമിക്കുന്നത്. മാർച്ച് 30 മുതൽ ഈ ഹോസ്പിറ്റലുകളെല്ലാം എൻഎച്ച്എസ് നിയന്ത്രണത്തിലാവും.  
 

Other News