Wednesday, 22 January 2025

എൻഎച്ച്എസ് ആവശ്യപ്പെട്ടത് 250,000 വോളണ്ടിയർമാരെ. "ഗുഡ് സാം" ആകാൻ സമ്മതമറിയിച്ചത് 405,000 പേർ. കൊറോണയെ നേരിടാനുറച്ച് ബ്രിട്ടീഷ് ജനത

ദിനം പ്രതി ബ്രിട്ടണിൽ കൊറോണ മരണസംഖ്യയും ഇൻഫെക്ഷൻ നിരക്കും ഉയരുമ്പോഴും കൊറോണയെ നേരിടാൻ ബ്രിട്ടീഷ് ജനത ഒന്നായി തയ്യാറെടുക്കുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള 1.3 മില്യണിലധികം ആളുകൾ സെൽഫ് ഐസൊലേഷനിൽ അടുത്ത 12 ആഴ്ച കഴിയണമെന്ന നിർദ്ദേശമുള്ളതിനാൽ ഇവർക്കാവശ്യമുള്ള അവശ്യ സർവീസുകൾ നല്കുകയെന്ന മഹാപ്രയത്നത്തിൽ വോളണ്ടിയർമാരെ ആവശ്യപ്പെട്ട് എൻഎച്ച്എസ് അപ്പീൽ പുറപ്പെടുവിച്ചിരുന്നു. 250,000 പേരെയാണ് എൻഎച്ച്എസ് ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറുകൊണ്ട് 405,000 പേർ "ഗുഡ് സാം" ആകാൻ ഓൺലൈനിൽ സൈൻ അപ് ചെയ്തു. രാജ്യം ഒത്തൊരുമയോടെ കൊറോണ ക്രൈസിസിനെ നേരിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ പറഞ്ഞു.

എൻഎച്ച്എസ് ആർമി ഓഫ് വോളണ്ടിയേഴ്സിൽ പങ്കാളികളാകുന്നവർക്ക് ഗുഡ് സാം ആപ്പിലൂടെ ഓരോ ഏരിയയിലുമുള്ള ടാസ്കുകളിൽ സഹായിക്കാൻ കഴിയും. സെൽഫ് ഐസൊലേഷനിൽ കഴിയുന്നവർക്കായി ഷോപ്പിംഗ്, മെഡിക്കേഷൻ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ എത്തിച്ചു കൊടുക്കാൻ വോളണ്ടിയർമാർ സഹായിക്കും. ഹോസ്പിറ്റലുകളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നവർക്ക് വീടുകളിലേയ്ക്ക് മടങ്ങാനുള്ള ട്രാൻസ്പോർട്ട് നല്കുക, മെഡിക്കേഷൻ, എക്യുപ്മെൻറുകൾ എന്നിവ വിവിധ ട്രസ്റ്റുകളിൽ എത്തിച്ചു കൊടുക്കുക, സെൽഫ് ഐസൊലേഷനിലുള്ളവരുമായി ടെലിഫോണിലൂടെ സമ്പർക്കം പുലർത്തുകയും മാനസിക പിന്തുണ നല്കുകയും ചെയ്യുക എന്നീക്കാര്യങ്ങളിലും വോളണ്ടിയർമാർ സഹായിക്കും.

Other News