Monday, 23 December 2024

അറസ്റ്റ് അല്ലെങ്കിൽ 60 പൗണ്ട് ഫൈൻ. കുട്ടികൾ പുറത്തു പോയാൽ ഉത്തരവാദിത്വം മാതാപിതാക്കൾക്ക്. ബ്രിട്ടണിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമാക്കാൻ പോലീസിന് അനുമതി.

ലോക്ക് ഡൗണിലായ ബ്രിട്ടണിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് പോലീസിന് അനുമതി ലഭിച്ചു. അനാവശ്യമായി പുറത്തു പോകുന്നവർ അറസ്റ്റ് അല്ലെങ്കിൽ 60 പൗണ്ട് ഫൈൻ നേരിടേണ്ടി വരും. 14 ദിവസത്തിനുള്ളിൽ ഫൈൻ അടയ്ക്കുന്ന പക്ഷം 30 പൗണ്ടായി കുറയും. എന്നാൽ രണ്ടാം തവണ നിയമം ലംഘിച്ചാൽ ഫൈൻ 120 പൗണ്ടായി ഉയരും. പിന്നീട് ഓരോ തവണയും ഇരട്ടിയായി ഫൈൻ വർദ്ധിക്കും. പൊതു സ്ഥലങ്ങളിൽ നിയമം ലംഘിക്കുന്നവരെ പോലീസ് വീടുകളിലേയ്ക്ക് മടക്കി അയയ്ക്കും. കുട്ടികൾ പുറത്തു പോകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

ബ്രിട്ടൻ്റെ പല ഭാഗങ്ങളിലും വാഹന പരിശോധനകൾക്കായി പോലീസ് അപ്രഖ്യാപിത ചെക്ക് പോയിൻ്റുകൾ ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ നടത്തുന്നവരെ തിരിച്ചയയ്ക്കാൻ പോലീസ് നടപടി തുടങ്ങി. അത്യാവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർ ഐഡൻ്റിഫിക്കേഷൻ കാർഡ് അല്ലെങ്കിൽ എംപ്ളോയരുടെ ലെറ്റർ ഇവ കൈവശം സൂക്ഷിക്കുന്നത് അഭികാമ്യമാണ്. ബ്രിട്ടണിൽ 7 ശതമാനത്തോളം ആളുകൾ സുഹൃത്തുക്കളെ സന്ദർശിക്കാൻ ഇപ്പോഴും പോകുന്നതായി സർവേ വെളിപ്പെടുത്തി. 8 ശതമാനം ഇപ്പോഴും അത്യാവശ്യമല്ലാത്ത ഷോപ്പിംഗിനും ഇറങ്ങുന്നുണ്ട്.

Other News