Monday, 23 December 2024

കരഘോഷം മുഴക്കി എൻഎച്ച്എസിനോട് നന്ദി പറഞ്ഞ് ബ്രിട്ടീഷ് ജനത. ക്ലാപ്പ് ഫോർ ഔർ കെയറേഴ്സ് കാമ്പയിനിൽ രാജ്യത്തെ നയിച്ച് ബോറിസ്. ഇന്നലെ മരണമടഞ്ഞത് 113 പേർ.

ക്ലാപ്പ് ഫോർ ഔർ കെയറേഴ്സ് കാമ്പയിനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രിട്ടീഷ് ജനതയെ നയിച്ചു. കൊറോണയെ പ്രതിരോധിക്കാൻ പോരാടുന്ന ഹെൽത്ത് കെയർ സ്റ്റാഫിന് ഇന്നലെ രാജ്യം ആദരമർപ്പിച്ചു. രാത്രി 8 മണിക്ക് കരഘോഷം മുഴക്കിക്കൊണ്ട് എമർജൻസി സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് ബ്രിട്ടൺ നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൻ്റെ മുന്നിൽ നിന്ന് ബോറിസ് ജോൺസണും ചാൻസലർ റിഷി സുനാക്കും കൈയടിച്ച് ജനങ്ങളോടൊപ്പം ചേർന്നു. വീടുകളിലെ ഗാർഡനുകളിലും വിൻഡോകളിലും ഡോർ സ്റ്റെപ്പുകളിലും ബാൽക്കണികളിലും നിന്ന് കൈയടിച്ച് കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് ജീവൻ പോലും അപകടത്തിലാക്കി സേവനം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ അസാധാരണമായ നിമിഷത്തിൽ രാജ്യത്തിൻ്റെ കടപ്പാട് ഹെൽത്ത് കെയർ വർക്കേഴ്‌സിനെ അറിയിക്കുക എന്നത് തീർത്തും ഉചിതമാണെന്ന് ക്ലാപ്പ് ഫോർ കെയറേഴ്സ് ഓർഗനൈസിംഗ് ടീം പറഞ്ഞു.

നാഷണൽ സല്യൂട്ടിൻ്റെ ഭാഗമായി ദി വെംബ്ളി ആർച്ച്, ദി പ്രിൻസിപ്പാലിറ്റി സ്റ്റേഡിയം, ദി റോയൽ ആൽബർട്ട് ഹാൾ, ലിങ്കൺ കത്തീഡ്രൽ എന്നിവിടങ്ങളിൽ താങ്ക് യു എൻഎച്ച്എസ് എന്ന് ബ്ളു ലൈറ്റ് ഡിസ്പ്ലേ പ്രദർശിപ്പിച്ചു. ആയിരക്കണക്കിനും നഴ്സുമാരും ഡോക്ടർമാരും ജിപികളും ഹെൽത്ത് കെയർ സ്റ്റാഫും ബ്രിട്ടണിൽ കൊറോണയെ പ്രതിരോധിക്കാൻ അക്ഷീണ പ്രയത്നത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരു ജനതയുടെ ആപത്ഘട്ടത്തിൽ രക്ഷകരായി ജനസേവനം നടത്തുന്ന ഹെൽത്ത് കെയർ സ്റ്റാഫിന് കൃതജ്ഞത അറിയിക്കുന്ന നാഷണൽ സല്യൂട്ടിൽ യുകെയിലെ മില്യൺ കണക്കിന് ജനങ്ങളാണ് പങ്കാളികളായത്.

ബ്രിട്ടണിൽ ഇന്നലെ 113 പേർ കൊറോണ മൂലം മരണമടഞ്ഞു. 11,658 കേസുകൾ ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.
 

Other News