Wednesday, 22 January 2025

എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ സ്റ്റാഫിന് കൊറോണാ ടെസ്റ്റിന് വീക്കെൻഡ് മുതൽ സൗകര്യമൊരുക്കും. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറും സെൽഫ് ഐസൊലോഷനിൽ.

എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ സ്റ്റാഫിന് കൊറോണാ ടെസ്റ്റിന് വീക്കെൻഡ് മുതൽ സൗകര്യമൊരുക്കുമെന്ന് ഗവൺമെൻ്റ് അറിയിച്ചു. ഇന്നത്തെ ലൈവ് ടെലി ബ്രീഫിംഗിലാണ് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിട്ടിക്കൽ കെയറിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ ആദ്യഘട്ടത്തിൽ ടെസ്റ്റിന് വിധേയരാക്കും. തുടർന്ന് എമർജൻസി ഡിപ്പാർട്ട്മെൻറുകളിലെ സ്റ്റാഫുകൾ, പാരാമെഡിക്സ്, ജനറൽ പ്രാക്ടീഷണർമാർ എന്നിവർക്കും രോഗ പരിശോധനയ്ക്ക് അവസരം ഒരുങ്ങും. അടുത്തയാഴ്ചയോടെ ടെസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധന വരുത്തുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഹോസ്പിറ്റലിലുള്ള കടുത്ത അസുഖമുളളവർക്ക് മാത്രമാണ് ടെസ്റ്റിന് സൗകര്യമുള്ളത്.

ആൻറിജൻ ടെസ്റ്റിംഗാണ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് നടത്തുന്നത്. നിലവിൽ അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാൻ കഴിയും. ഇപ്പോൾ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ഐസൊലേഷനിൽ കഴിയുന്നവർക്കും ടെസ്റ്റിലൂടെ രോഗനിർണയം നടത്താൻ സൗകര്യമുണ്ടാകുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. വീക്കെൻഡിൽ മൂന്ന് പുതിയ ലാബുകൾ പ്രവർത്തനമാരംഭിക്കും. ഇതിൽ 800 സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. രണ്ടു ലാബുകൾ കൂടി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിരവധി യൂണിവേഴ്സിറ്റികളും റിസർച്ച് സെൻ്ററുകളും ബൂട്ട്സ് ഫാർമസിയും ടെസ്റ്റ് എക്യുപ്മെൻ്റുകൾ ലാബുകൾക്കൾക്കായി കൈമാറിയിട്ടുണ്ട്.

പ്രധാനമന്ത്രി ബോറിസ് ജോൺസണും ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്കും കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും കൊറോണ രോഗലക്ഷങ്ങളെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചു.

Other News