Monday, 23 December 2024

കൊറോണയ്ക്കെതിരെ മുൻനിരയിൽ പോരാടുന്നവർക്ക് സ്നേഹസ്പർശവുമായി മാഞ്ചസ്റ്ററിലെ മലയാളി. കീ വർക്കേഴ്സിനായി ട്രാഫോർഡിലെ ഹോട്ടൽ വിട്ടു നല്കി.

കൊറോണയെ പ്രതിരോധിക്കാൻ ബ്രിട്ടൺ ഒന്നടങ്കം പൊരുതുമ്പോൾ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്ററിലെ ഒരു മലയാളി. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ഹാൾ ഹോട്ടൽ ഉടമയായ അനൂബ് സെബാനാണ് ഹോട്ടൽ സമുച്ചയം കൊറോണയ്ക്ക് എതിരെ ഫ്രണ്ട് ലൈനിൽ പ്രതിരോധം തീർക്കുന്നവർക്കായി സന്തോഷത്തോടെ സൗജന്യമായി നല്കിയത്. 33 മുറികളുള്ള ഹോട്ടൽ 2017 ലാണ് അനൂബ് സ്വന്തമാക്കിയത്. ഹോട്ടൽ മേഖലയിൽ നിരവധി വർഷത്തെ ബിസിനസ് പരിചയമുള്ള അനൂബ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന കീ വർക്കേഴ്സിനെയും അവരുടെ കുടുംബാംഗങ്ങളെയും ഉദ്ദേശിച്ചാണ് ഈ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മഹത്തായ മാതൃക പ്രാവർത്തികമാക്കിയത്. മാഞ്ചസ്റ്റർ ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിന് 200 മീറ്ററിനുള്ളിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

കൊറോണ രോഗികളെ പരിചരിക്കുന്ന എൻഎച്ച്എസിലെ സ്റ്റാഫുകൾ രോഗം പകർന്നിട്ടുണ്ടോ എന്ന ഉത്കണ്ഠ മൂലം വീടുകളിൽ പോവാൻ മടിക്കുന്ന ഒരു സാഹചര്യമുണ്ട് എന്നു മനസിലാക്കിയാണ് ഈ സത്പ്രവൃത്തിയ്ക്ക് അനൂബ് മുതിർന്നത്. അങ്ങനെയുള്ളവർക്ക് താമസ സൗകര്യം ഒരുക്കുവാനാണ് അനൂബ് തയ്യാറായത്. എൻഎച്ച്എസ് സ്റ്റാഫിനും ആവശ്യമെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്കും ഇവിടെ ആവശ്യമായ അക്കൊമൊഡേഷൻ ലഭിക്കും. മലയാളികളുൾപ്പെടെ ഏത് കമ്യൂണിറ്റിയിൽപ്പെട്ടവർക്കും ഇതിനായി ഹോട്ടലിനെ സമീപിക്കാവുന്നതാണ്. മാഞ്ചസ്റ്ററിൽ നിരവധി മലയാളികൾ എൻഎച്ച്എസിൽ ജോലി ചെയ്യുന്നുള്ളതിനാൽ ഇക്കാര്യം മാഞ്ചസ്റ്റർ മലയാളി അസോസിയേഷനെയും അറിയിച്ചിരുന്നെന്നും അസോസിയേഷൻ ഇക്കാര്യം അംഗങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും അനൂബ് ഗ്ലോബൽ ന്യൂസ് പ്രീമിയറിനോട് പറഞ്ഞു.

ട്രാഫോർഡ് കൗൺസിലും അക്കോമൊഡേഷൻ സൗകര്യം ഒരുക്കുന്നതിനായി ഹോട്ടൽ മുറികൾ വിട്ടുതരാൻ അനൂബിനോട് അഭ്യർത്ഥിച്ചിരുന്നു. കൗൺസിലിൻ്റെ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ച അനൂബ് അവിടെ താമസിക്കാനെത്തുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനായി ആറ് ഹോട്ടൽ സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്.

താമസത്തിനെത്തുന്ന ആരെങ്കിലും കോവിഡ് 19 പോസിറ്റീവാണ് എങ്കിൽ സ്വീകരിക്കേണ്ടി മുൻകരുതലുമായി ബന്ധപ്പെട്ട് എൻഎച്ച്എസ് ഗൈഡ് ലൈൻസിന് അനുസൃതമായ ബ്രീഫിംഗ് ഹോട്ടലിലെ സ്റ്റാഫിന് നല്കിയിട്ടുമുണ്ട്. "ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കരകയറാൻ ഒരു സഹായമാകട്ടെ എന്നു മാത്രമേ ചിന്തിച്ചുള്ളൂ. കുറച്ചു പേർക്കെങ്കിലും പ്രയോജന പ്രദമായാൽ വളരെ സന്തോഷം" അനൂബ് പറയുന്നു. ഭാര്യയോടും മൂന്നു കുട്ടികളോടുമൊപ്പം മാഞ്ചസ്റ്ററി ലാണ് അനൂബ് സെബാൻ താമസിക്കുന്നത്.

 

Other News