Monday, 23 December 2024

ബ്രിട്ടണിലെ മലയാളി സമൂഹത്തിൻ്റെ ആശങ്ക അധികാരികളെ അറിയിച്ച് യുക്മ. പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ കാര്യത്തിൽ വ്യക്തത അനിവാര്യം. ഹെൽത്ത് കെയർ സ്റ്റാഫിനിടയിൽ സർവേയ്ക്ക് തുടക്കം.

ബ്രിട്ടീഷ് ജനതയെ മുഴുവനായും ബാധിച്ച കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിൽ ഉയർന്ന ആശങ്ക അധികാരികളുമായി പങ്കുവയ്ക്കാൻ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ മുൻകൈയെടുക്കുന്നു. യുകെയിലേയ്ക്ക് കുടിയേറിയ മലയാളികളിൽ ബഹുഭൂരിപക്ഷവും എൻഎച്ച്എസുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. നിരവധി ഡോക്ടർമാരും നഴ്സുമാരും മറ്റു ഹെൽത്ത് കെയർ പ്രഫഷണലുകളും കൊറോണയെ പ്രതിരോധിക്കാനുള്ള ബ്രിട്ടൻ്റെ പോരാട്ടത്തിൽ പങ്കുചേരുന്നുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ നിർബന്ധമായും ഉപയോഗിക്കേണ്ടുന്ന പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ കാര്യത്തിൽ നിലനിൽക്കുന്ന ആശങ്കകൾ ഹെൽത്ത് സെക്ടറിൽ ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് മനസിലാക്കുകയും വിവരങ്ങൾ ക്രോഡീകരിച്ച് അതതു മേഖലകളിലെ അധികാരികളെ അറിയിച്ച് നടപടി ആവശ്യപ്പെടാനുമാണ് യുക്മയുടെ നേതൃത്വം നടപടി തുടങ്ങിയത്.

യുക്മയുടെ പോഷക സംഘടനയായ യുക്മ നേഴ്സസ് ഫോറത്തിൻ്റെ നേതൃത്വത്തിലാണ് പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ ലഭ്യതയും ഓരോ ട്രസ്റ്റുകളിലെ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട സർവേ തുടങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുക്മയ്ക്ക് വേണ്ടി നാഷണൽ പി ആർ ഒ സജീഷ് ടോം മാദ്ധ്യമങ്ങൾക്ക് നല്കിയിരിക്കുന്ന അഭ്യർത്ഥന ചുവടെ ചേർക്കുന്നു.

"കോവിഡ് - 19" PPE ലഭ്യത വിലയിരുത്തികൊണ്ടുള്ള യുക്മ സർവ്വേ.

കൊറോണ വൈറസ് ലോക വ്യാപകമായി ദുരന്തങ്ങൾ വിതച്ചുകൊണ്ട് മുന്നേറുമ്പോൾ, രാജ്യ വ്യാപകമായി ബ്രിട്ടൺ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. സർക്കാരിന്റെ പല നടപടികളും "വൈകി വരുന്ന വിവേകം" എന്ന് പരക്കെ വിമർശിക്കപ്പെടുന്നുണ്ട്. ശരാശരി പകുതിയിലധികം പ്രായപൂർത്തിയായ ആളുകളും ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ, പൊതുസമൂഹത്തിന്റെ ശബ്ദം അധികാരികളിൽ എത്തിക്കേണ്ടുന്ന സാമൂഹ്യ ഉത്തരവാദിത്തം യുക്മ ഏറ്റെടുക്കുകയാണ്. 

രോഗസംക്രമണം ഉണ്ടാകാതിരിക്കാനുള്ള ഉപകരണങ്ങൾ (Personal Protective Equipment - PPE) ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക്, തങ്ങൾ ജോലിചെയ്യുന്ന ആശുപതികളിൽ ലഭ്യമാണോ എന്നറിയാനുള്ള സർവ്വേ യുക്മ രാജ്യ വ്യാപകമായി ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇത്തരം സാമഗ്രികളുടെ ലഭ്യത വ്യത്യസ്ത അനുപാതത്തിലാണ് ഉള്ളത്. ഏത് സ്ഥലങ്ങളിലാണ് പ്രകടമായ പോരായ്മ എന്ന് കണ്ടെത്തി അധികാരികളെ അറിയിക്കുവാനുള്ള ബ്രഹത്തായ ലക്ഷ്യമാണ് ഈ സർവ്വേയിലൂടെ യുക്മ ലക്ഷ്യമിടുന്നത്. 

PPE സാമഗ്രികളുടെ ലഭ്യതയെക്കുറിച്ച് മലയാളി സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്ക പ്രധാനമന്ത്രി, ഹെൽത്ത് സെക്രട്ടറി, ഷാഡോ ഹെൽത്ത് സെക്രട്ടറി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിക്കഴിഞ്ഞു എന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു. നേരത്തേ നൽകിയിരിക്കുന്ന  പരാതിയുടെ തുടർച്ചയെന്ന നിലയിൽ വ്യക്തമായ കണക്കുകളോടെ അധികാരികളുടെ  ശ്രദ്ധയിൽ പെടുത്തുന്നതിനാണ് ഈ സർവ്വേ നടത്തുന്നതെന്ന്  യുക്മ നേഴ്സസ് ഫോറം ദേശീയ കോർഡിനേറ്റർ സാജൻ സത്യൻ  വ്യക്തമാക്കി.

കോവിഡ് - 19 ഉള്ളതോ, ഉണ്ടെന്ന് സംശയിക്കപ്പെടുന്നതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മതിയായ PPE ലഭിക്കുന്നില്ല എന്ന പരാതി പല സ്ഥലങ്ങളിൽനിന്നും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ യാഥാർഥ്യം ഉണ്ടെങ്കിൽ അത് ഭരണപരമായും ധാർമ്മീകമായും ഗുരുതരമായ സ്ഥിതിവിശേഷമാണ്. ലോകാരോഗ്യ സംഘടന നിഷ്‌ക്കർഷിച്ചിരിക്കുന്ന PPE ലഭ്യമാകുന്നുണ്ടെന്ന് NHS ആവർത്തിച്ച് പറയുന്നുമുണ്ട്. ഇത് പൊതുസമൂഹത്തിൽ വലിയ ആശയക്കുഴപ്പം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇതിന്റെ യാഥാർഥ്യം മനസിലാക്കുവാനും, ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടുവാനും വേണ്ടിയാണ് രാജ്യവ്യാപകമായി യുക്മ സർവ്വേ സംഘടിപ്പിക്കുന്നത്. യുക്മ പോഷക സംഘടനയായ "യുക്മ നേഴ്സസ് ഫോറം" ആണ് സർവ്വേ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ചോദ്യാവലി അടങ്ങിയ ഇ-മെയിൽ യുക്മ അംഗ അസ്സോസിയേഷനുകൾക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. നിങ്ങൾ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ, വെറും രണ്ട് മിനിറ്റ് മാത്രം എടുക്കുന്ന ഈ ചോദ്യാവലി പൂരിപ്പിച്ചു അയക്കണമെന്ന് യുക്മ നഴ്സസ് ഫോറം പ്രസിഡൻ്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അഭ്യർത്ഥിച്ചു. ഒപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂടുതൽ ആരോഗ്യ പ്രവർത്തകരിലേക്ക് ഇത് എത്തിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

PPE സാമഗ്രികളുടെ ലഭ്യത വിലയിരുത്തിക്കൊണ്ടുള്ള സർവ്വേയിൽ പങ്കെടുക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

Other News