Wednesday, 22 January 2025

കൊറോണ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ആറു മാസത്തേയ്ക്ക് നീണ്ടു നിന്നേക്കും. യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 209 മരണം.

കൊറോണ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ആറു മാസത്തേയ്ക്ക് നീണ്ടു നിന്നേക്കും. യുകെയിൽ നിലവിലെ നിയന്ത്രണങ്ങൾ മൂന്നാഴ്ചക്കാലം കഴിയുമ്പോൾ പുന:പരിശോധിക്കും. ഇൻഫെക്ഷൻ നിരക്ക് ഉയരുന്നത് തടയുന്നതിനുളള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനായി നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗൺ മുഴുവനായി മാറ്റുകയെന്നത് ഗുണകരമായിരിക്കില്ലെന്നും ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജെന്നി ഹാരിസ് പറഞ്ഞു. അങ്ങനെ ചെയ്താൽ രണ്ടാമതൊരു തവണ കൂടി കൊറോണ വ്യാപനം ഉണ്ടാവാൻ സാധ്യതയേറെയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 209 മരണങ്ങൾ ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തു. ഇതു വരെ 1228 പേർ രാജ്യത്ത് കൊറോണ മൂലം മരിച്ചിട്ടുണ്ട്. ഇൻഫെക്ഷനുകളുടെ എണ്ണം 19,522 ആയി ഉയർന്നു.

ഇതിനിടെ കൊറോണ മൂലം എൻഎച്ച്എസിലെ ഇഎൻടി കൺസൾട്ടൻ്റ് മരണമടഞ്ഞു. 55 കാരനായ അംഗെദ് എൽ ഹൗറാണിയാണ് ഇന്നലെ ഉച്ചയ്ക്കുശേഷം ലെസ്റ്റർ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിൽ വച്ച് രോഗത്തിന് കീഴടങ്ങിയത്. സെർബി ആൻഡ് ബർട്ടൺ എൻഎച്ച്എസ് ട്രസ്റ്റിലെ ഡോക്ടറായിരുന്നു അദ്ദേഹം. എൻഎച്ച്എസ് ഫ്രണ്ട് ലൈനിലെ ആദ്യ മരണമാണ് ഇതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു.

എൻഎച്ച്എസിലും മറ്റു മേഖലകളിലും ബൃഹത്തായ സുഹൃദ് വലയത്തിൻ്റെ ഉടമയായിരുന്നു അംഗെദ് എൽ ഹൗറാണിയെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. ക്വീൻസ് ഹോസ്പിറ്റൽ ബർട്ടണിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ബർട്ടണിലെയും ഡർബിയിലെയും ഹോസ്പിറ്റൽ ക്ളിനിക്കുകൾ ലയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അംഗെദ് എൽ ഹൗറാണി മുൻകൈയെടുത്താണ് നടത്തിയത്.

രോഗികളോട് തികച്ചും ഉന്നതമായ പെരുമാറ്റവും പ്രൊഫഷണലിസവും കാണിച്ചിരുന്ന വ്യക്തിയായിരുന്നു അംഗെദ് എൽ ഹൗറാണിയെന്ന് ഡെർബി ആൻഡ് ബർട്ടൺ ഹോസ്പിറ്റൽ ട്രസ്റ്റ് പറഞ്ഞു. ഹോസ്പിറ്റലിനു വേണ്ടി ഫണ്ട് ശേഖരിക്കാനായി തൻ്റെ സുഹൃത്തുക്കളോടൊപ്പം ഹിമാലയത്തിലേയ്ക്ക് ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം യാത്ര നടത്തിയിരുന്നു.
 

Other News