Monday, 23 December 2024

ബ്രിട്ടണിലെ സോഷ്യൽ ഡിസ്റ്റൻസിംഗ് ഫലം കാണുന്നു. കൊറോണ വ്യാപന നിരക്ക് കുറയുന്നതായി വിലയിരുത്തൽ. ഹോസ്പിറ്റലുകളിൽ അഡ്മിറ്റായിരിക്കുന്നത് 9,000 പേർ.

കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ബ്രിട്ടണിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലം നല്കിത്തുടങ്ങിയതായി റിപ്പോർട്ട്. കൊറോണ കേസുകളിൽ ഓരോ ദിവസവും ഉണ്ടായിരുന്ന വർദ്ധനയുടെ തോതിൽ കുറവ് കണ്ടുതുടങ്ങി. ബ്രിട്ടൺ ഇപ്പോൾ പൂർണമായ ലോക്ക് ഡൗണിലാണ്. അവശ്യമായ ഫുഡ് ഷോപ്പിംഗിനും എമർജൻസി സർവീസുകളിൽ ജോലി ചെയ്യുന്നവർക്കും മാത്രമേ പ്രധാനമായും പുറത്തേയ്ക്ക് പോകാൻ അനുവാദമുള്ളൂ. എല്ലാ സ്കൂളുകളും അടച്ചിരിക്കുന്നതും സോഷ്യൽ ഡിസ്റ്റൻസിംഗ് ഏർപ്പെടുത്തിയതും ഗുണകരമായിട്ടുണ്ട്.

ഇംഗ്ലണ്ടിൽ ആകെ 9,000 പേർ കൊറോണ ബാധിച്ച് ഹോസ്പിറ്റലിലുണ്ട്. വെള്ളിയാഴ്ച ഇത് ആറായിരമായിരുന്നു. ദിവസവും ഉണ്ടാകുന്ന കേസുകളുടെ എണ്ണത്തിൽ ഒരേ നിരക്കാണ് ദൃശ്യമാകുന്നതെന്നും ഇത് നിയന്ത്രണങ്ങളുടെ ഫലമായി കരുതാമെന്നും യുകെയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ സർ പാട്രിക് വാലൻസ് പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മരണ സംഖ്യയും കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ഓരോ ദിവസവും റിപ്പോർട്ടു ചെയ്യപ്പെടുന്നതിൻ്റെ അടിസ്ഥാനത്തിലുള്ള ഒരു സംഖ്യ മാത്രമാണ്. പേഷ്യൻ്റ് മരിച്ചാലും കൂടുതൽ പരിശോധനകൾ നടത്തി കൊറോണ മൂലമെന്ന് ഉറപ്പു വരുത്താനും ബന്ധുക്കളുടെ അനുമതി വാങ്ങാനും സമയമെടുക്കുന്നതിനാൽ മരണം സംഭവിച്ച ഉടനേ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ആയതിനാൽ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണ സംഖ്യ രോഗ വ്യാപനത്തിൻ്റെ നിരക്കുമായി താരതമ്യപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെയും 1,408 പേർ ബ്രിട്ടണിൽ കൊറോണ മൂലം മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 159 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഇൻഫെക്ഷൻ കേസുകൾ 2,619 എണ്ണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. യുകെയിലെ മൊത്തം ഇൻഫെക്ഷനുകളുടെ എണ്ണം 22,000 ആയി.

Other News