"വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും. കോവിഡ് രോഗികളെ അങ്ങനെ കാണേണ്ടതില്ല. അവർക്ക് വേണ്ട പിന്തുണ സമൂഹം നല്കണം". ബിർമ്മിങ്ങാമിലെ ജിബു ജേക്കബിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

ജിബു ജേക്കബിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

"അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ആ നാല് വയസുകാരന്റേത്. അങ്ങിനെയിരിക്കെ ആ കുട്ടിയുടെ അമ്മക്ക് മാരക പകർച്ച വ്യാധിയായ വസൂരി (small pox) പിടിപെട്ടു. അന്നൊക്കെ വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും. വസൂരി വന്നു പ്രതിരോധ ശേഷി കിട്ടിയ ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി. പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേൾക്കുമായിരുന്നു. രോഗി മരിച്ചാൽ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും. അമ്മയേയും പാടത്തെ ഒരു പുരയിലാക്കി. അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ, അച്ഛൻ പാടത്തെ വരമ്പത്ത് കൊണ്ടു പോകും. ദൂരെ ഒരു ചെറ്റപ്പുര ചൂണ്ടിക്കാണിച്ച് അമ്മ അതിന് അകത്തുണ്ടെന്ന് പറഞ്ഞു തരും. നോക്കിയാൽ പുര മാത്രം കാണാം. അമ്മ ഒരു പക്ഷെ ഓലപ്പഴുതിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കും. പിന്നീടെപ്പോഴോ അമ്മ പോയി എന്നറിഞ്ഞു”. ഇപ്പോൾ 96 ആം വയസിൽ നടക്കുന്ന സഖാവ് VS അച്യുതാനന്ദൻ ആണ് ആ നാലു വയസുകാരൻ.

വിഷകന്യക എന്ന ഒരു നോവൽ എസ്കെ പൊറ്റെക്കാട് 1948 ൽ എഴുതിയിട്ടുണ്ട്. അത് ഒരു സമൂഹത്തിന്റ ചരിത്രമാണ്. കൃഷി ചെയ്ത് ജീവിക്കാന്‍ മണ്ണന്വേഷിച്ച് മാതൃദേശമായ തിരുവിതാംകൂര്‍ വിട്ട് മലബാറിലെ മലനിരകളിലേക്കും തരിശുഭൂമിയിലേക്കും പോയി ഒടുവില്‍ മലമ്പനി ബാധിതരായി നശിച്ചടങ്ങുന്ന കർഷകരുടെ ചരിത്രം ആണത്. ഇത് വായിക്കുന്ന പലരുടെയും ബന്ധുക്കളിൽ ആരെങ്കിലും തിരുവിതാംകൂറിലെ ഒരു കാലത്തെ ദാരിദ്ര്യം മൂലം മലബാറിലോ ഇടുക്കിയുടെ കിഴക്കൻ മലകളിലോ കുടിയേറി കൃഷി ചെയ്തു മലമ്പനിയോട് പടവെട്ടി പാർത്തവരുടെ പിൻമുറക്കാരാവാനുള്ള സാദ്ധ്യത ഏറെ ആണ്.

ഞാൻ ജനിച്ചത് ഇന്ന് അമ്പതിൽ കൂടുതൽ കുടുംബങ്ങളുടെ തറവാട് വീടായ വളരെ പഴക്കമുള്ള ഒരു തറവാട്ടിലാണ്. എന്റെ ചെറുപ്പത്തിൽ വീടിനടുത്തുള്ള കൃഷി ചെയ്യാതെ കാടു പിടിച്ചു കിടക്കുന്ന ഒരു ഭാഗത്തു പോകാൻ ശ്രമിക്കുമ്പോൾ എന്റെ വല്യപ്പച്ചൻ (grand father) എന്നെ സ്ഥിരമായി വിലക്കും. ഒരിക്കൽ ഞാൻ കാരണം അന്വേഷിച്ചപ്പോൾ എന്നോട് പറഞ്ഞു അവിടെയാണത്രെ വസൂരി വന്നു മരിച്ച എന്റെ great great grand parents നെ അടക്കിയിരിക്കുന്നതെന്ന്. വസൂരി പകർച്ച വ്യാധി ആയതു കാരണം ആരെങ്കിലും രോഗം വന്നു മരിച്ചാൽ പള്ളിയിലെ അച്ചന്മാരും നാട്ടുകാരും ബന്ധുക്കളും ആരും പേടിച്ചിട്ടു അടുത്ത് വരില്ല. അത് കൊണ്ട് തന്നെ മരിച്ചവരെ പള്ളിയിൽ കൊണ്ട് പോയി അടക്കാൻ സാധിച്ചില്ല. അക്കാലത്തു വസൂരി വന്നു മരിച്ചവരെ രോഗം മാറിയ അപൂർവം ആരെങ്കിലും നാട്ടുകാർ വന്നു പറമ്പിൽ എവിടെയെങ്കിലും മറവു ചെയ്യും. പിന്നെ ആ സ്ഥലം തന്നെ വീട്ടുകാർ ഉപേക്ഷിക്കും. ഇങ്ങനെ മരിച്ചവരെ ഉപേക്ഷിക്കാൻ സ്വന്തമായി ഭൂമി ഇല്ലാത്തവർ എവിടെയെങ്കിലും ദൂരെ കൊണ്ട് പോയി കൂട്ടമായി മറവു ചെയ്യും. അങ്ങനെ പള്ളിയിൽ സംസ്കരിക്കാതെ മറവു ചെയ്ത അനേകം മനുഷ്യരുടെ 'കുഴിമാടം' എന്ന പേരിൽ ഒരു വലിയ ക്രിസ്ത്യൻ സെമിത്തേരിയും എന്റെ നാട്ടിലുണ്ട്. വർഷത്തിലൊരിക്കൽ എങ്കിലും ആ 'കുഴിമാടത്തിൽ' കിടക്കുന്നവരുടെ പിന്മുറക്കാർ അവിടെ പോയി മെഴുകു തിരി കത്തിക്കുന്നതും അറിയാം.

പറഞ്ഞു വന്നത് ഇപ്പോൾ വന്നിരിക്കുന്ന കോവിഡിലും വലിയ പകർച്ച വ്യാധികൾ നമ്മുടെ നാട്ടിൽ ഒരു കാലത്തു സർവ്വ സാധാരണം ആയിരുന്നു. പ്ളേഗും, ക്ഷയവും, കുഷ്ട്ടവും, പോളിയോയും, വസൂരിയും, വില്ലൻ ചുമയും, measles, mumps, rubella, rabies, കോളറ തുടങ്ങിയ രോഗങ്ങൾ മൂലം ഒരുകാലത്തു ആയിരങ്ങൾ മരിച്ചിരുന്നു. ഒടുവിൽ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പുരോഗതിയിൽ കണ്ടു പിടിച്ച പ്രതിരോധ വാക്‌സിനുകളും ആന്റിബിയോട്ടിക്ക് തുടങ്ങിയ മരുന്നുകളും മാത്രം ആണ് ഇന്ന് മനുഷ്യനെ രക്ഷപെടുത്തിയത് എന്ന് ചരിത്രം മനസിലാക്കി ചിന്തിച്ചാൽ ആർക്കും മനസിലാകും. മനുഷ്യന് ഇന്ന് ഉണ്ടായിട്ടുള്ള ആരോഗ്യം ഉൾപ്പെടെയുള്ള ഭൗതീക നേട്ടങ്ങൾ എല്ലാം ശാസ്ത്രത്തിന്റെ മാത്രം സംഭാവനയാണ്. ആശുപത്രികൾ ആര് കെട്ടിയാലും അതിൽ ആധുനീക വൈദ്യശാസ്ത്രം തന്നെയാണ് ചികിത്സക്ക് ഉപയോഗപെടുത്തുന്നത്. ഇപ്പോൾ ഉള്ള കോവിഡ് വൈറസിനും നാളെ ശാസ്ത്രം പ്രതിവിധി കണ്ടു പിടിക്കും എന്നുള്ളതിൽ സംശയമില്ല.

എന്നാൽ പ്രതിവിധിയായി ഒരു മരുന്നുമില്ലാത്ത കാലത്തു രോഗങ്ങളും പട്ടിണിയും മൂലം കഷ്ടപ്പെട്ട നിസ്സഹായനായിരുന്ന മനുഷ്യനെ ലോകമെങ്ങും കരുണയോടെ ശുശ്രുഷിക്കാനുള്ള പ്രചോദനം കൊടുക്കാൻ പല വിശ്വാസങ്ങൾക്കും ആയി എന്നുള്ളത് നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ്. ചാരിറ്റി മിഷൻ ആശുപത്രികൾക്കും, ചികിത്സയ്ക്കും, രോഗി ശുശ്രുഷകൾക്കും , ദാരിദ്ര്യ നിർമാർജന ദൗത്യങ്ങൾക്കും നേതൃത്വം കൊടുത്ത ഫാദർ ഡാമിയൻ, ഡേവിഡ് ലിവിങ്സ്റ്റൺ, മദർ തെരേസ, ജേസൺ ഫെയ്‌ഡർ എല്ലാം തന്നെ പ്രതികൂല സാഹചര്യങ്ങളിലെ മിഷനറികൾ ആയിരുന്നു. അവരാരും ഇന്ന് പലരും ചെയ്യുന്ന പോലെ പണത്തിനു വേണ്ടി ആയിരുന്നില്ല സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നത് എന്നതാണ് വ്യത്യാസം.

പകർച്ചവ്യാധികൾ വന്നപ്പോൾ സ്വാർത്ഥരായ ആത്മീയ വ്യവസായികളും ഭക്തി കച്ചവടക്കാരും പതിവ് പോലെ പേടിച്ചു ഓടി ഒളിച്ചിരിക്കുന്നു. പല വിധമുള്ള ജീവിത പ്രാരാബ്ധങ്ങളാൽ കഷ്ട്ടപ്പെടുന്ന നിസ്സഹായനായ മനുഷ്യനെ വചനങ്ങൾ ദുർവ്യഖ്യാനം ചെയ്തു മസ്‌തിഷ്‌ക്ക പ്രക്ഷാളനം നടത്തി പാപ ബോധം മനസ്സിൽ കുത്തിക്കയറ്റി പണം തട്ടുന്ന സൂത്രശാലികൾ തൽക്കാലത്തേയ്ക്കു കളം വിട്ടു ശാസ്ത്രം പ്രതിവിധി കണ്ടു പിടിക്കുന്നത് വരെ കാത്തു നിൽക്കുന്നു. ആരോഗ്യ പ്രവർത്തകർ ഈ മഹാമാരിയെ നിയന്ത്രണവിധേയമാക്കുമ്പോൾ വീണ്ടും കച്ചവടത്തിന് തയ്യാറായി പൂർവാധികം ശക്തിയോടെ ഈ തട്ടിപ്പുകാർ തിരിച്ചു വരും.

എന്നാൽ ലോകം മുഴുവൻ നമ്മുടെ ഡോക്ടർമാരും നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ജീവൻ പണയം വച്ച് സഹജീവികളുടെ വേദനയകറ്റാൻ ഉറക്കം പോലും ഉപേക്ഷിച്ചു ആശുപത്രികളിൽ അഹോരാത്രം പണിയെടുക്കുകയാണ്. ധാരാളം പൊതു ജനങ്ങൾ സന്നദ്ധ സേവനത്തിനു പേര് കൊടുത്തിരിക്കുന്നു. UK യിൽ ഏഴു ലക്ഷത്തിനു മുകളിൽ സന്നദ്ധ പ്രവർത്തകർ ഈ പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യ സമൂഹത്തിനു വേണ്ടി ജോലി ചെയ്യാൻ തയ്യാറായതായി ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ രംഗത്തല്ലെങ്കിലും എന്റെ മേഖലയിൽ ഞാനും ഏതു അടിയന്തര വിളികൾക്കും 24 മണിക്കൂറും പ്രതികരിക്കാൻ തയ്യാറായി വീട്ടിൽ നിന്നും ജോലി ചെയ്യുകയാണ്.

വലിയ ഒരാശ്വാസം തോന്നുന്നത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ കാണുന്നത് പോലെ അവസരങ്ങൾ മുതലാക്കി ഒരു കണക്കുമില്ലാതെ പണം പിരിക്കാൻ ഇപ്പോൾ തട്ടിപ്പുകാർ ആരും ഇറങ്ങുന്നില്ല എന്നുള്ളതാണ്. ആകെ ഒരു അപവാദം കണ്ടത് കോവിഡ് വൈറസ് മൂലം കുടുംബം ഉപേക്ഷിച്ചും ജീവൻ പണയം വച്ചും ജോലി ചെയ്തു കഷ്ട്ടപ്പെടുന്ന, ഒരു വലിയ സാമ്പത്തീക പ്രതിസന്ധി മുന്നിൽ കാണുന്ന പാവം ആസ്‌ട്രേലിയയിലെ നഴ്സുമാരുടെ പണം പതിവ് പോലെ തട്ടിയെടുക്കാൻ വിഡിയോയിലൂടെ ശ്രമിക്കുന്ന മനസാക്ഷി ഇല്ലാത്ത ഒരു ജീവിയെ മാത്രം ആണ്.

ഈ കൊറോണകാലത്തു ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും ഉപദേശങ്ങൾ മാത്രം സ്വീകരിച്ചു പരസ്പരം അകലം പാലിച്ചു തനിക്കും മറ്റുള്ളവർക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക ആണ് നമുക്ക് സമൂഹത്തിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം. രോഗം വന്നവരെ വെറുക്കാതിരിക്കുക. നാളെ ഈ രോഗം ആർക്കും വരാം. വളരെ അടുത്തു നിന്ന് (6ft )ചുമച്ചാലോ തുമ്മിയാലോ വൃത്തിയില്ലാത്ത കൈകൾ കൊണ്ട് മൂക്കിലോ വായിലോ സ്പർശിച്ചാലോ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അല്ലാതെ രോഗിയുടെ ഏഴയലത്തു പോലും ചെല്ലാതെ പേടിക്കുന്ന ആളുകൾ ഭയം കൊണ്ട് മരിക്കാനാണ് കൂടുതൽ സാദ്ധ്യത.

 

Other News