കൊറോണ മൂലം എൻഎച്ച്എസ് നഴ്സ് മരണമടഞ്ഞു. വിടവാങ്ങിയത് 36 കാരിയായ അരീമ നസ്റീൻ.
മാലാഖ യാത്രയായി... ആതുരശുശ്രൂഷയ്ക്കായി അവൾ ജീവൻ നല്കി... കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന എൻഎച്ച്എസ് ഇംഗ്ലണ്ടിലെ നഴ്സ് മരണമടഞ്ഞു. മൂന്നു കുട്ടികളുടെ അമ്മയായ 36 കാരിയായ അരീമ നസ്റീനാണ് വിടവാങ്ങിയത്. മാർച്ച് 13 നാണ് അരീമയ്ക്ക് കോവിഡ് 19 ൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ശരീര വേദനയും കടുത്ത പനിയും ചുമയുമായിരുന്നു അരീമയ്ക്ക് അനുഭവപ്പെട്ടത്. തുടർന്ന് അരീമ കൊറോണ പോസിറ്റീവെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. വെൻ്റിലേറ്ററിലായിരുന്ന അരീമ നസ്റീൻ ഇന്നു പുലർച്ചെ മരണമടഞ്ഞു.
അരീമ നഴ്സായി ജോലി ചെയ്തിരുന്ന ബിർമ്മിങ്ങാം വാൽസാൾ മാനോർ ഹോസ്പിറ്റലിൽ തന്നെയാണ് ചികിത്സയിൽ കഴിഞ്ഞത്. ഹോസ്പിറ്റൽ ട്രസ്റ്റിൻ്റെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് ബീക്കനാണ് അരീമയുടെ മരണം സ്ഥിരീകരിച്ചത്. വെൻ്റിലേറ്ററിലായിരുന്ന അരീമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയായിരുന്നെന്നും അതിനിടെ പെട്ടെന്ന് നില മോശമാകുയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 16 വർഷം മുമ്പ് ഹൗസ് കീപ്പറായാണ് അരീമ നസ്റീൻ എൻഎച്ച്എസിൽ കരിയർ ആരംഭിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അരീമ ക്വാളിഫൈഡ് നഴ്സായത്.