Thursday, 21 November 2024

ആശങ്കയിൽ ആശ്വാസമായി യുക്മ... ഫ്രണ്ട് ലൈനിലെ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റ് ഷോർട്ടേജ് അധികാരികളെ അറിയിച്ച് സംഘടന. ആവശ്യത്തിന് PPE ലഭ്യമായിരുന്നില്ലെന്ന് സർവേ ഫലം.

യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് അതിൻ്റെ സംഘടനാപരമായ സാമൂഹിക ഉത്തരവാദിത്വം പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റ് ഷോർട്ടേജ് വിഷയത്തിൽ വ്യക്തമായി നിർവ്വഹിക്കുന്നു. യുക്മ എന്ന ഉത്തരവാദിത്വപ്പെട്ട സംഘടന, കൊറോണ ചികിത്സയിൽ ഏർപ്പെട്ടിരിക്കുന്ന ഫ്രണ്ട് ലൈൻ സ്റ്റാഫിൻ്റെ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റ് വിഷയത്തിൽ അനിവാര്യമായ അടിയന്തിര നടപടികളിലേയ്ക്ക് ആദ്യമേ തന്നെ കടന്നുവെന്നത് തികച്ചും അഭിനന്ദനീയമാണ്. PPE ഷോർട്ടേജ് എന്ന ആശങ്ക ഉയർന്നപ്പോൾ തന്നെ ഒരു സംഘടന സ്വീകരിക്കേണ്ട അടിസ്ഥാന നടപടികൾ നേതൃത്വം കൈക്കൊണ്ടിരുന്നു. പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ ഷോർട്ടേജ് സംബന്ധിച്ച് പ്രധാനമന്ത്രി, ഹെൽത്ത് സെക്രട്ടറി എന്നിവരടക്കമുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ളവരെ കത്തിലൂടെ ആശങ്ക അറിയിച്ചതിനോടൊപ്പം ഇതിൻ്റെ യഥാർത്ഥ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനായി സർവേയും യുക്മ ലോഞ്ച് ചെയ്തിരുന്നു.

യുക്മ നേതൃത്വം അധികാരികളെ അറിയിച്ച കാര്യങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് സർവേ ഫലവും പുറത്തു വന്നിരിക്കുന്നത്. യഥാർത്ഥ വിവരങ്ങൾ ലഭ്യമാകുന്നതിനായി എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെയും PPE സംബന്ധമായ ഗൈഡൻസിൻ്റെ ലിങ്കുകൾ റഫറൻസിനായി സർവേ ഫോമിൽ നല്കിയിരുന്നു. തികച്ചും പ്രഫഷണൽ രീതിയിൽ തയ്യാറാക്കിയ ഓൺലൈൻ സർവ്വേ ഇക്കാര്യത്തിലുള്ള വിവരശേഖരണം എളുപ്പമാക്കി. യുക്മയുടെ പോഷക സംഘടനയായ നഴ്സസ് ഫോറമാണ് സർവേ നടത്തിയത്. സർവേ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി നിവേദനങ്ങൾ സമർപ്പിക്കുവാനുള്ള നീക്കം തീർച്ചയായും ഫലം നൽകുമെന്നതിൽ സംശയമില്ല.

യുക്മയുടെ നാഷണൽ പി ആർ ഒ സജീഷ് ടോം ഇക്കാര്യത്തിൽ നല്കിയിരിക്കുന്ന പത്രക്കുറിപ്പ്

കൊറോണ വൈറസ് പടർന്ന്‌ കൊണ്ടിരിക്കുന്ന ഭീതിദമായ സാഹചര്യത്തിൽ, രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന മുൻ നിര മെഡിക്കൽ ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാണോ എന്നറിയുന്നതിലേക്ക്, രാജ്യവ്യാപകമായി യുക്മ സംഘടിപ്പിച്ച സർവ്വേക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സർവ്വേയിൽ പ്രതികരിച്ച 90 % പേരും രോഗസംക്രമണം തടയുന്നതിനാവശ്യമായ സാമഗ്രികൾ (Personal Protective Equipment  - PPE) ആവശ്യത്തിന് ലഭ്യമല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്.

ജനറൽ വാർഡുകളിൽ സർജിക്കൽ മാസ്കും ഏപ്രണും ആണ് PPE എന്നപേരിൽ മുൻ നിര സ്റ്റാഫിന് ലഭിക്കുന്നത്. പക്ഷെ രാജ്യത്തെ പല ആശുപത്രികളും അവരുടെ സ്റ്റാഫിന് മതിയായ സംരക്ഷണം നൽകുന്ന കാര്യക്ഷമമായ PPE കിറ്റുകൾ അനുവദിച്ചു നൽകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വിവിധ മേഖലകളിൽനിന്നും ഉണ്ടായിട്ടുള്ള അഭ്യർഥന മാനിച്ച് National Health Service യും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും, മുൻ നിലപാടുകൾ തിരുത്തിക്കൊണ്ട്, മതിയായ സംരക്ഷണം നൽകുന്ന PPE കിറ്റുകൾ എല്ലായിടത്തും ലഭ്യമാക്കണമെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്.

നിലവിലുണ്ടായിരുന്ന ഗൈഡൻസ് പ്രകാരം ഉള്ള PPE കൾ മതിയായ സംരക്ഷണം നൽകും എന്നതിന് യാതൊരു തെളിവുകളും ലഭ്യമല്ല. അതുപോലെ ചുമയിൽനിന്നും തുമ്മലിൽനിന്നും രോഗാണുക്കൾ കൂടുതൽ ദൂരത്തേക്ക് വ്യാപിക്കുവാനും സാധ്യത ഉണ്ട്. കൊറോണ ബാധ കൂടുതലായി ഉണ്ടായ ഇറ്റലിയിൽ ഏകദേശം അൻപതോളം ഡോക്ടർമാർ മരണപ്പെട്ടിട്ടുണ്ട്. ഇതേ കാരണങ്ങൾ കൊണ്ട് എല്ലാവർക്കും മതിയായ സംരക്ഷണം നൽകുവാനുള്ള പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കുവാൻ  അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് സർവ്വേ ഫലത്തിന്റെ അടിസ്ഥാനത്തിൽ യുക്മ അധികാരികളോട് അഭ്യർത്ഥിക്കുകയാണ്. 

പ്രധാനമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവക്ക് ഇതിനോടകം നിവേദനങ്ങൾ അയച്ച് കഴിഞ്ഞു. അതോടൊപ്പം എല്ലാ ആരോഗ്യ പ്രവർത്തകരും അവരവരുടെ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ, ചീഫ് നേഴ്സ്, ചീഫ് എക്സിക്യൂട്ടീവ് , പ്രാദേശിക പാർലമെന്റ് അംഗം എന്നിവർക്ക് നിവേദനങ്ങൾ അയക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയക്കേണ്ട കത്തിന്റെ മാതൃക പ്രാദേശീക യുക്മ അംഗ അസ്സോസിയേഷനുകൾക്ക് യുക്മ ദേശീയ കമ്മറ്റി ഇതിനകം അയച്ചു കൊടുത്തിട്ടുണ്ട്.  
 

Other News