Thursday, 21 November 2024

ഫിൽട്ടറിംഗ് ഫേസ് പീസ് 3  (FFP3) മാസ്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? നിങ്ങൾ ഫേസ് ഫിറ്റ് ടെസ്റ്റ് പാസായോ? ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻ്റെ ഗൈഡ് ലൈനുകൾ മനസിലാക്കാം

കൊറോണ വൈറസിനൊപ്പം തന്നെ ഇന്ന് അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ (PPE) ലഭ്യതയും ഉപയോഗവും. കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിൽ സോഷ്യൽ ഡിസ്റ്റൻസിംഗും പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകളും നിർണായകമായ പങ്കാണ് വഹിക്കുന്നത്. എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ സ്റ്റാഫിനു പോലും ആവശ്യമായ PPE ലഭ്യമല്ലാ എന്നുള്ള കാര്യം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ഇവ ലഭ്യമായവർ അത് ശരിയായിട്ടാണോ ഉപയോഗിക്കുന്നത് എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്.

നിലവിലെ ഗൈഡ് ലൈൻ കൊറോണ രോഗികളെ ചികിത്സിക്കുന്നവർ FFP3 മാസ്ക് ഉപയോഗിക്കണമെന്നതാണ്. FFP എന്നാൽ ഫിൽട്ടറിംഗ് ഫേസ് പീസ്  എന്നും 3 എന്ന സംഖ്യ ലെവൽ ഓഫ് പ്രൊട്ടക്ഷനെയും സൂചിപ്പിക്കുന്നു. FFP3 മാസ്ക് അന്തരീക്ഷത്തിൽ ധാരാളം ഡസ്റ്റ് ഉള്ളപ്പോഴും സോളിഡോ ലിക്വിഡോ ആയ എയ്റോസോളുകൾ ഉള്ളപ്പോഴും ആവശ്യമായ പ്രൊട്ടക്ഷൻ നല്കുവാൻ പര്യാപ്തമാണ്. ഏത് ലെവൽ ഓഫ് പ്രൊട്ടക്ഷൻ ആണ് ആവശ്യമുള്ളതെന്ന് നിർണയിക്കാനാവാത്ത കേസുകളിലെല്ലാം FFP3 മാസ്ക് ആണ് നിർദ്ദേശിക്കപ്പെടുന്നത്. അപകടകരമായ കെമിക്കൽ പൗഡറുകൾ ഉപയോഗിക്കുന്ന ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രികളിലും ആസ്ബസ്റ്റോസുമായി സമ്പർക്കം പുലർത്തുമ്പോഴും ഇത്തരം മാസ്കുകളാണ് ഉപയോഗിക്കുന്നത്.

ഒരാൾ FFP3 മാസ്ക് ധരിച്ചുവെന്നതു കൊണ്ട് വേണ്ടത്ര സംരക്ഷണം കിട്ടുമെന്ന് കരുതരുത്. അത് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ ഉപയോഗിക്കുകയും ഫേസ് ഫിറ്റ് ടെസ്റ്റ് പാസാകുകയും ചെയ്തിരിക്കണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻ്റെ ഗൈഡ് ലൈൻ അനുസരിച്ച് റെസ്പിറേറ്ററി പ്രൊട്ടക്ടീവ് എക്യുപ്മെൻറ് ഫേസ് ഫിറ്റ് നടത്തണം. സാധാരണ രീതിയിൽ എംപ്ളോയിയ്ക്ക് ആവശ്യമായ PPE എംപ്ളോയർ നല്കിയിരിക്കണം. PPE എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നുള്ള ട്രെയിനിംഗും എംപ്ളോയിയ്ക്ക് ലഭ്യമാകണം.

ബ്രിട്ടണിൽ എങ്ങനെയാണ് ഫേസ് ഫിറ്റ് ടെസ്റ്റ് നടത്തേണ്ടത് എന്നുള്ളത് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് വ്യക്തമായി INDG479 (rev1) എന്ന ഗൈഡ് ലൈനിൽ പറയുന്നുണ്ട്. ഇത് ഒരു മാർഗനിർദ്ദേശമാണ് എന്നും PPE ശരിയായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്താനുള്ള മറ്റു മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും ഗൈഡൻസ് പറയുന്നുണ്ട്.

ഒരാൾ റെസ്പിറേറ്ററി പ്രൊട്ടക്ടീവ് എക്യുപ്മെൻറ് ഉപയോഗം ആദ്യമായി ആരംഭിക്കുമ്പോൾ തന്നെ ഫേസ് ഫിറ്റ് നടത്തണം. അതു കൂടാതെ ശരീരഭാരത്തിൽ കാര്യമായ മാറ്റം വരുമ്പോൾ, മേജറായിട്ടുള്ള ഡെൻ്റൽ വർക്കുകൾക്ക് വിധേയമായാൽ, മുഖത്തിന് കാര്യമായ വ്യതിയാനങ്ങൾ വന്നാൽ, ഫേസ് പിയേഴ്സിംഗ് നടത്തിയാൽ, തലയിൽ ധരിക്കുന്ന PPE യിൽ മാറ്റമുണ്ടാവുന്ന അവസരങ്ങളിലൊക്കെ ഫേസ് ഫിറ്റ് ടെസ്റ്റ് വീണ്ടും നടത്തണം. വിവിധ തരത്തിലുള്ള RPE ഉപയോഗിക്കുന്നുണ്ടെങ്കിൽ ഓരോന്നിനും വ്യത്യസ്ത ടെസ്റ്റ് ആവശ്യമാണ്.

FFP3 മാസ്ക് മുഖത്ത് നല്ലതുപോലെ സീൽ ചെയ്തിരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് ഫേസ് ഫിറ്റ് ടെസ്റ്റ് ചെയ്യുന്നത്. RPE ടെസ്റ്റ് നടത്തുന്നയാൾ അതിൽ ആവശ്യമുള്ള ട്രെയിനിംഗ് ലഭിച്ച യോഗ്യതയുള്ള വ്യക്തിയായിരിക്കണം. ടെസ്റ്ററിന് RPE യുടെ സെലക്ഷൻ സംബന്ധമായ സമഗ്രമായ അറിവുണ്ടാവണം.

ക്വാളിറ്റേറ്റീവ് ഫേസ് ഫിറ്റ് ടെസ്റ്റിലും ക്വാണ്ടിറ്റേറ്റീവ് ആംബിയൻറ് പാർട്ടിക്കിൾ കൗണ്ടിംഗ് രീതിയിലും ആറ് ഘട്ടങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. ഓരോ ഘട്ടവും കുറഞ്ഞത് ഒരു മിനിട്ട് നീണ്ടു നിൽക്കും. ഒന്നാമത്തെ എക്സർസൈസിൽ മാസ്ക് വേണ്ട രീതിയിൽ ധരിച്ചതിനു ശേഷം മാസ്കും മോണിട്ടറിംഗ് എക്യുപ്മെൻ്റുമായി കണക്ട് ചെയ്യും. മാസ്ക് ധരിച്ചയാൾ സാധാരണ രീതിയിൽ ശ്വാസോച്ഛ്വാസം നടത്തണം. സംസാരിക്കാനോ തലയനക്കാനോ പാടില്ല. രണ്ടാമത്തെ എക്സർസൈസിൽ സാവധാനം ഡീപ്പായി ബ്രീത്തിംഗ് നടത്തണം.

മൂന്നാമത്തെ എക്സർസൈസിൽ തല ഇരുവശങ്ങളിലേയ്ക്കും നന്നായി ചെരിക്കണം. ഒരു മിനിട്ടിൽ 15-20 തവണ ഇങ്ങനെ ചെയ്യണം. നാലാമത്തെ എക്സർസൈസിൽ സാവധാനം മുൻപോട്ട് കുനിയുകയും അതിനു ശേഷം തല ഉയർത്തുകയും വേണം. അഞ്ചാമത്തെ എക്സർസൈസിൽ മാസ്ക് ധരിക്കുന്നയാൾ ടെസ്റ്ററിന് കേൾക്കാവുന്നത്ര ശബ്ദത്തിൽ സംസാരിച്ചു കൊണ്ടിരിക്കണം. ആറാമത്തെ എക്സർസൈസിൽ നന്നായി കുനിഞ്ഞ് നിവരണം. ഇത് 10-15 തവണയോളം ചെയ്യണം. അവസാന എക്സർസൈസിൽ ആദ്യത്തേതുപോലെ സാധാരണ ബ്രീത്തിംഗ് ചെയ്യണം.

ടെസ്റ്റ് കഴിഞ്ഞാൽ റിസൾട്ട് മോണിട്ടറിംഗ് മെഷീൻ ഉടൻ തന്നെ നല്കും. റിസൾട്ട് പാസ് അല്ലെങ്കിൽ ഫെയിൽ എന്നായിരിക്കും. ടെസ്റ്റിൽ ഫെയിൽ ആയാൽ വീണ്ടും നടത്തുകയോ മറ്റൊരു ടൈപ്പ് മാസ്ക് ഉപയോഗിച്ചോ ചെയ്യണം. ഫിറ്റ് ടെസ്റ്റ് നടത്തിയപ്പോൾ ഉള്ള ഫേസ് കണ്ടീഷനുകൾ RPE ഉപയോഗിക്കുമ്പോൾ നിലനിർത്തിയിരിക്കണം. അതായത് ക്ലീൻ ഷേവ് ചെയ്തിട്ടുണ്ടെന്ന് ഫേഷ്യൽ ഹെയർ ഉള്ളവർ ഉറപ്പു വരുത്തണം. ഫേസ് ഫിറ്റ് ടെസ്റ്റ് നടത്തിയാലും ശരിയായ രീതിയിൽ മുഴുവൻ സമയവും RPE ധരിക്കണം. എങ്കിൽ മാത്രമേ ആവശ്യമായ പ്രൊട്ടക്ഷൻ ലഭിക്കുകയുള്ളൂ.

FFP3 മാസ്ക് ഉപയോഗിക്കേണ്ട അന്തരീക്ഷത്തിലാണ് ജോലി ചെയ്യേണ്ടതെങ്കിൽ ഫേസ്ഫിറ്റ് ടെസ്റ്റ് പാസായിട്ടുണ്ടെന്ന് ഓരോരുത്തരും ഉറപ്പു വരുത്തണം. എംപ്ളോയർ നല്കുകയോ അതല്ലെങ്കിൽ നിങ്ങൾ തന്നെയോ മാസ്ക് സംഘടിപ്പിച്ച് ധരിച്ചുവെന്നു കരുതി ആവശ്യമായ സുരക്ഷിതത്വം ലഭിക്കുന്നതല്ല.

റെസ്പിറേറ്ററി പ്രൊട്ടക്ടീവ് എക്യുപ്മെൻറ് സംബന്ധമായ കൂടുതൽ മാർഗനിർദ്ദേശങ്ങൾ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടിവിൻ്റെ വെബ്സൈറ്റിൽ നിന്നും ഈ ലിങ്കിലൂടെ മനസിലാക്കാവുന്നതാണ്

 

 

 

UK MALAYALAI MATRIMONY

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

XAVIERS CHARTERED ACCOUNTANTS

 

 

Other News