വാറ്റ് ഫോർഡിൽ 23 വയസുള്ള നഴ്സ് മരണമടഞ്ഞു. ശരിയായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറ് ലഭ്യമായിരുന്നില്ലെന്ന് സൂചന. ലണ്ടനിൽ നാല് ബസ് ഡ്രൈവർമാരും കോവിഡിന് കീഴടങ്ങി
കൊറോണ ചികിത്സയിൽ മുൻ നിരയിൽ പോരാടിയ 23 കാരനായ നഴ്സ് വാറ്റ് ഫോർഡിൽ മരണമടഞ്ഞു. 12 മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞെത്തിയ ജോൺ അലാഗോസ് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്യൂട്ടിക്കിടയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ജോണിനെ സ്റ്റാഫ് ഷോർട്ടേജു കാരണം വീട്ടിൽ പോകാൻ അനുവദിച്ചില്ലെന്നും തൻ്റെ മകന് ആവശ്യമായ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകൾ ലഭ്യമായിരുന്നില്ലെന്നും ജോണിൻ്റെ മാതാവ് പറഞ്ഞു. നൈറ്റ് ഷിഫ്റ്റിനു ശേഷം വെള്ളിയാഴ്ച വീട്ടിലെത്തിയ ജോണിന് തലവേദനയും കടുത്ത പനിയും ഉണ്ടായിരുന്നു. തുടർന്ന് ശരീരം നീല നിറമാവുകയും അബോധാവസ്ഥയിലാവുകയും ചെയ്ത ഉടൻതന്നെ മാതാവായ ഗസ്റ്റിലോ 999 വിളിച്ചു. ആംബുലൻസ് സ്ഥലത്ത് എത്തിയെങ്കിലും യുവനഴ്സിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ ആയിരുന്നു ജോൺ അലാഗോസ് ജോലി ചെയ്തിരുന്നത്. ജോൺ സാധാരണ മാസ്കാണ് ധരിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. ജോൺ അലാഗോസ് ഫിലിപ്പൈൻസിലാണ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ബ്രിട്ടണിൽ എത്തിയ അലാഗോസ് പൗരത്വവും നേടിയിരുന്നു. ബ്രിട്ടണിൽ ഇതുവരെ മൂന്നു നഴ്സുമാരും രണ്ട് ഹെൽത്ത് കെയർ അസിസ്റ്റൻറുമാരും കോവിഡ് - 19 ബാധിച്ച് മരിച്ചിട്ടുണ്ട്. ലണ്ടനിൽ നാല് ബസ് ഡ്രൈവർമാരും കോവിഡ് മൂലം മരണമടഞ്ഞു.