ആശങ്കയോടെ ബ്രിട്ടൺ. ബോറിസ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ലോക നേതാക്കൾ.
ബ്രിട്ടീഷ് ജനത തങ്ങളുടെ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കയിൽ. കൊറോണ വൈറസ് ഇൻഫെക്ഷനെ തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇൻ്റൻസീവ് കെയർ യൂണിറ്റിലേയ്ക്ക് ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് മാറ്റിയത്. രോഗലക്ഷണങ്ങൾ പത്തു ദിവസമായിട്ടും മാറാതിരുന്നതിനെ തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. കൂടുതൽ പരിശോധനകൾക്കായിട്ടാണ് ബോറിസിനെ അഡ്മിറ്റ് ചെയ്തതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിരുന്നു. 55 കാരനായ ബോറിസിന് വെൻറിലേറ്ററിൻ്റെ സഹായം ആവശ്യമായി വന്നേക്കാമെന്നതിനാലാണ് ഐസിയുവിലേയ്ക്ക് മാറ്റിയത്.
ബോറിസ് ജോൺസൺ ഐസിയുവിലായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ചുമതകൾ ഫോറിൻ സെക്രട്ടറി ഡോമനിക് റാബ് ഏറ്റെടുത്തു. നിരവധി ലോക നേതാക്കൾ ബോറിസ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് സന്ദേശമയച്ചു. ബോറിസിന് രോഗവിമുക്തി ആശംസിച്ചുകൊണ്ട് നൂറു കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ബോറിസിൻ്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്വീനിനെ യഥാസമയം അറിയിക്കുന്നുണ്ട്.