Sunday, 06 October 2024

കരഘോഷമുയരും.... ബോറിസിനായി... ഇന്ന് രാത്രി എട്ട് മണിക്ക്. പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്.

കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ബ്രിട്ടനെ മുന്നിൽ നിന്ന് നയിക്കുന്ന പ്രധാനമന്ത്രിയ്ക്കായി രാജ്യം മുഴുവൻ ഇന്ന് കരഘോഷമുയരും. രോഗം ബാധിച്ച് ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിലെ ഇൻ്റൻസീവ് കെയറിലുള്ള ബോറിസ് ജോൺസണ് വേണ്ടി 'ക്ലാപ്പ് ഫോർ ബോറിസ് ' ഇന്ന് രാത്രി എട്ട് മണിക്ക് നടക്കും. സെൽഫ് ഐസൊലേഷനിലായിരുന്നപ്പോൾ പോലും ക്ലാപ്പ് ഫോർ കെയറേഴ്സിന് ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് രാജ്യത്തിന് നേതൃത്വം നല്കിയ ബോറിസിൻ്റെ പെട്ടെന്നുള്ള ആരോഗ്യനിലയിലെ മാറ്റം രാജ്യത്തെ മൊത്തം ആശങ്കയിലാഴ്ത്തിയിരുന്നു. ലോകനേതാക്കന്മാർ അടക്കമുള്ളവർ ബോറിസ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസ അറിയിച്ചു. ക്വീനും ബോറിസിൻ്റെ കുടുംബത്തിന് സന്ദേശമയച്ചു.

ബോറിസിൻ്റെ ആരോഗ്യ നില തൃപ്തികരമെന്ന് പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവ്വഹിക്കുന്ന ഫോറിൻ സെക്രട്ടറിയും ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഡോമനിക് റാബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബോറിസിന് ഓക്സിജൻ നല്കിയിരുന്നു. എന്നാൽ വെൻറിലേറ്ററിൻ്റെ സഹായം ആവശ്യമായി വന്നിട്ടില്ല. അദ്ദേഹത്തിന് സ്വയം ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്. ഡോമനിക് റാബ് പറഞ്ഞു. ബോറിസ് ജോൺസൺ ഒരു ധീരപോരാളിയാണ്. കാബിനറ്റിൻ്റെ തലവനെന്ന നിലയിൽ ബോറിസ് തങ്ങളുടെ ബോസ് ആണെങ്കിലും അദ്ദേഹം ഏവർക്കും സുഹൃത്തു കൂടിയാണ്. ഭരണകാര്യങ്ങൾ സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ബോറിസ് നല്കിയിട്ടുണ്ട്. ക്യാബിനറ്റ് കൂട്ടുത്തരവാദിത്വത്തോടെ തീരുമാനങ്ങൾ എടുക്കുമെന്നും ഡോമനിക് റാബ് വ്യക്തമാക്കി.

Other News