Tuesday, 03 December 2024

കേംബ്രിഡ്ജിൽ കൊറോണ വൈറസ് ടെസ്റ്റിംഗ് ലാബ് തുടങ്ങി. ലണ്ടനിലെ നൈറ്റിംഗേൽ ഹോസ്പിറ്റലിലേയ്ക്ക് ആദ്യ പേഷ്യൻ്റ് എത്തി.

ഗവൺമെൻ്റ് പ്രഖ്യാപിച്ചിരിക്കുന്ന ദിനംപ്രതി 100,000 കൊറോണ ടെസ്റ്റെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി കേംബ്രിഡ്ജിൽ പുതിയ വൈറസ് ടെസ്റ്റിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. യൂണിവേഴ്സിറ്റിയിലെ ആൻ മക് ലാറൻ ലബോറട്ടറി ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ആസ്ട്ര സെനക്കാ, ഗ്ലാക്സോ സ്മിത്ത് ക്ളൈൻ എന്നിവയുമായുള്ള സംയുക്ത സഹകരണത്തോടെയാണ് തുടങ്ങിയത്.

ലണ്ടനിലെ നൈറ്റിംഗേൽ ഹോസ്പിറ്റലിലേയ്ക്ക് ആദ്യ പേഷ്യൻ്റ് എത്തി. ഒൻപത് ദിവസങ്ങൾക്കൊണ്ടാണ് ഈ മേക്ക് ഷിഫ്റ്റ് ഹോസ്പിറ്റലിൻ്റെ പണി പൂർത്തിയാക്കിയത്. 4,000 ബെഡിൻ്റെ സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. എക്സൽ എക്സിബിഷൻ സെൻ്ററാണ് താത്കാലിക ഹോസ്പിറ്റലായി മാറ്റിയത്. രോഗികൾക്ക് വെൻറിലേറ്റർ, ഓക്സിജൻ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

ആരോഗ്യനില മോശമായതിനെ തുടർന്ന് ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ടാം ദിനവും ഹോസ്പിറ്റലിൽ തുടരുകയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ. നിരവധി ലോക നേതാക്കൾ ബോറിസ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് സന്ദേശമയച്ചു. ബോറിസിന് രോഗവിമുക്തി ആശംസിച്ചുകൊണ്ട് നൂറു കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ബോറിസിൻ്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്വീനിനെ യഥാസമയം അറിയിക്കുന്നുണ്ട്.

Other News