ബോറിസ് ജോൺസണ് ഡൗണിംഗ് സ്ട്രീറ്റിൽ വേണ്ടത്ര മെഡിക്കൽ കെയർ ലഭിച്ചില്ലെന്ന് വിമർശനം. ആരോഗ്യനില മെച്ചപ്പെട്ടതായി ചാൻസലർ. ബ്രിട്ടണിൽ കൊറോണ വൈറസ് വ്യാപനത്തിൽ നേരിയ കുറവെന്ന് സൂചന.
ലണ്ടനിലെ സെൻറ് തോമസ് ഹോസ്പിറ്റലിൽ ഇൻറൻസീവ് കെയറിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ചാൻസലർ റിഷി സുനാക്ക് വ്യക്തമാക്കി. അദ്ദേഹം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. ക്ലിനിക്കൽ സ്റ്റാഫുമായി ബോറിസ് ആശയവിനിമയം നടത്തുന്നുണ്ടെന്നും എഴുന്നേറ്റിരിക്കാൻ കഴിഞ്ഞതായും ചാൻസലർ പറഞ്ഞു. സെൽഫ് ഐസൊലേഷനിലായിരുന്ന ബോറിസിന് പനി കുറയാത്തതു മൂലമാണ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റേണ്ടി വന്നത്. എന്നാൽ ഡൗണിംഗ് സ്ട്രീറ്റിൽ ബോറിസിന് ആവശ്യമായ മെഡിക്കൽ കെയർ ലഭിച്ചില്ല എന്ന് വിമർശനമുയരുന്നുണ്ട്. ആദ്യ ഒരാഴ്ച ഒരിക്കൽ പോലും ഡോക്ടർ നേരിട്ട് ബോറിസിനെ കൺസൾട്ട് ചെയ്തില്ല. വീഡിയോ ലിങ്കു വഴി മാത്രമാണ് രോഗവിവരങ്ങൾ ആരാഞ്ഞു കൊണ്ടിരുന്നത്.
രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിലും വേണ്ടത്ര സോഷ്യൽ ഡിസ്റ്റൻസിംഗ് ഏർപ്പെടുത്തുന്നതിലും വന്ന പാളിച്ചകൾ മറ നീക്കി പുറത്തുവന്നിട്ടുണ്ട്. ഡൗണിംഗ് സ്ട്രീറ്റിലെ മിക്ക മീറ്റിംഗുകളിലും ഒഫീഷ്യലുകൾ തിങ്ങിനിറഞ്ഞിരുന്നെന്നും നിരവധി പേർക്ക് ചുമയടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
ബ്രിട്ടണിലെ കൊറോണ വ്യാപനത്തിൻ്റെ നിരക്കിൽ ചെറിയ കുറവ് വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ മരണസംഖ്യ കാര്യമായി നിയന്ത്രിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.