ലോക്ക് ഡൗൺ ഉടൻ നീക്കാൻ സാധ്യതയില്ല. ബ്രിട്ടൻ്റെ ജിഡിപിയിൽ വൻ ഇടിവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദർ.
ബ്രിട്ടണിൽ കൊറോണ വ്യാപന നിരക്കിൽ ദിനം പ്രതി വർദ്ധന രേഖപ്പെടുത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ഉടൻ അയവ് വരുത്തേണ്ടതില്ലെന്ന് ഗവൺമെൻറ് തീരുമാനിച്ചു. കൊറോണയുടെ പീക്ക് ടൈമിലേയ്ക്ക് രാജ്യം അടുത്തു കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ സോഷ്യൽ ഡിസ്റ്റൻസിംഗ് തുടരുന്നതാണ് അഭികാമ്യമെന്ന് ക്യാബിനറ്റ് അഭിപ്രായപ്പെട്ടു. ബോറിസിനു പകരം പ്രധാനമന്ത്രിയുടെ ചുമതല താത്കാലികമായി വഹിക്കുന്ന ഫോറിൻ സെക്രട്ടറി ഡോമനിക് റാബിൻ്റെ അദ്ധ്യക്ഷതയിൽ കോബ്രാ കമ്മിറ്റിയുടെ യോഗം ഇന്നലെ നടന്നിരുന്നു.
രാജ്യത്ത് ഇതുവരെ 65,000 ലേറെ ഇൻഫെക്ഷനുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ 8,000 ത്തോട് അടുക്കുകയാണ്. കൊറോണ ക്രൈസിസിൽപെട്ട ബ്രിട്ടൺ ആരോഗ്യ, സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ബ്രിട്ടൻ്റെ ജിഡിപിയിൽ വൻ ഇടിവ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദർ പ്രവചിച്ചു കഴിഞ്ഞു.
ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ കൊറോണ ഇൻഫെക്ഷനെ തുടർന്ന് പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇൻ്റൻസീവ് കെയറിൽ നിന്ന് മാറ്റിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികമാകുന്നതുവരെ അദ്ദേഹം മെഡിക്കൽ ടീമിൻ്റെ നിരീക്ഷണത്തിൽ ഹോസ്പിറ്റലിൽ തുടരും.