Thursday, 07 November 2024

എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് കൊറോണ ടെസ്റ്റ് നടത്താനുള്ള 15 സെൻ്ററുകൾ തുറന്നതായി ഹെൽത്ത് സെക്രട്ടറി. ആദ്യ മെഗാ ലാബ് മിൽട്ടൺ കീൻസിൽ.

മുഴുവൻ എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിനും കൊറോണ ടെസ്റ്റ് നടത്താനുള്ള സംവിധാനമൊരുക്കിയതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി. ഇതിനായി 15 ഡ്രൈവ് ത്രൂ സെൻ്ററുകൾ യുകെയിൽ പല ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്. ഗ്ലാസ്‌ഗോ, കാർഡിഫ്, ബെൽഫാസ്റ്റ്, നോട്ടിങ്ങാം, ലീഡ്സ്, ലണ്ടൻ എന്നിവിടങ്ങളിൽ ഇത്തരം സൗകര്യം നടപ്പാക്കിയിട്ടുണ്ട്. ദിനംപ്രതി ആയിരത്തോളമാളുകളെ ടെസ്റ്റ് ചെയ്യാൻ കപ്പാസിറ്റിയുള്ള ആദ്യ മെഗാ ലാബ് മിൽട്ടൺ കീൻസിൽ പ്രവർത്തന സജ്ജമായി. ഗ്ലാസ്ഗോയിലും ചെഷയറിലും സമാന സംവിധാനമുള്ള ലൈറ്റ് ഹൗസ് ലാബുകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

ഫാർമസ്യൂട്ടിക്കൽ കമ്പനികളായ ആസ്ട്ര സെനക്കയും ഗ്ലാസ്കോ സ്മിത്ത് ക്ളൈനും കേംബ്രിഡ്ജിൽ രണ്ടാമതൊരു ലാബ് കൂടി ഉടൻ തുറക്കുന്നതാണ്. കൊറോണ രോഗബാധ സംശയിച്ച് സെൽഫ് ഐസൊലേഷനിലുള്ള നിരവധി എൻഎച്ച്എസ് സ്റ്റാഫിന് ഈ ടെസ്റ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് രോഗനിർണയം നടത്താൻ കഴിയും. രാജ്യത്ത് 19,116 ടെസ്റ്റുകൾ വ്യാഴാഴ്ച നടത്തിയിരുന്നു. ഇതിൽ 5,706 റിസൽട്ടുകൾ പോസിറ്റീവാണ്.
 

Other News